e-sreedharan

പാലക്കാട്: ബി ജെ പി സ്ഥാനാ‍ർത്ഥിയായി പാലക്കാട് മത്സരിക്കുന്ന മെട്രോമാൻ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത. റോമൻ കത്തോലിക്കാ പാലക്കാട് രൂപതയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീധരന് പൂർണപിന്തുണ പ്രഖ്യാപിച്ചത്. ബിഷപ്പ് ഹൗസിലെത്തി ഇ ശ്രീധരൻ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്തെ നേരിൽ കണ്ടിരുന്നു. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് തിരഞ്ഞെടുപ്പിൽ ഇ ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുന്നതായി ബിഷപ്പ് പ്രഖ്യാപിച്ചത്.

അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നൽകുമെന്നും ബിഷപ്പ് മനത്തോട്ടത്തിൽ പറഞ്ഞു. കേരളത്തിൽ ഇതാദ്യമായാണ് ഒരു ക്രൈസ്‌തവ സഭ ബി ജെ പി സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകുന്നത്.

ഒരുപാട് കേട്ട ഒരു ജീവിതമാണ് ഇ ശ്രീധരന്റേത്. യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് മുമ്പേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഈ ഘട്ടത്തിൽ നൽകുകയാണെന്നും ബിഷപ്പ് മാദ്ധ്യമങ്ങളോട് പറഞ്ഞു.