
വീട്ടിൽ മർഫിയുടെ വലിയൊരു റേഡിയോ സെറ്റുണ്ടായിരുന്നു. മഞ്ഞനിറത്തിലുള്ള മുൻവശ സുഷിരപാളിയിലേക്ക് കാലപ്പഴക്കത്തിന്റെ കറുപ്പ് ഇത്തിരിയൊക്കെ പടർന്നു കഴിഞ്ഞിരുന്നു. ഏതാണ്ട് ഒന്നൊന്നരയടി നീളവും ഒരടി ഉയരവുമുള്ള ആ ചതുരപ്പെട്ടിയിൽ നിന്നുയരുന്ന ആൺ ശബ്ദങ്ങളും പെൺശബ്ദങ്ങളും അകമ്പടിയായി വരുന്ന വാദ്യോപകരണ സംഗീതവുമെല്ലാം കുട്ടിക്കാലത്തെ അത്ഭുതസമസ്യകളായിരുന്നു. വയനാട്ടിൽ നിന്നുള്ള അച്ഛന്റെ സ്ഥലംമാറ്റത്തിനൊപ്പം വീട്ടുസാധനങ്ങൾ കുത്തിനിറച്ചു വന്ന ലോറിയിൽ ഈ ചതുരപ്പെട്ടിയും പയ്യന്നൂരിലെ വീട്ടിൽ വന്നിറങ്ങി. ശബ്ദങ്ങളോടൊപ്പം എന്നെ ആകർഷിച്ചത് വീടിന്റെ മുറികളിലാകെ പടർന്നു കിടന്ന ചെറിയ ചരടുവലയായിരുന്നു. സ്വീകരണമുറിയിലെ റേഡിയോപ്പെട്ടി മുതൽ മുറികളുടെ മുകൾത്തട്ടിലൂടെ പിന്നറ്റത്തെ ചായ്പിലേക്കും പിന്നെ അജ്ഞാതമായ ആകാശങ്ങളിലേക്കും അത് കടന്നുപോയതായാണ് ഓർമ്മ... ശബ്ദതരംഗങ്ങളെ അജ്ഞാതകേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന ഏരിയൽ സൂത്രം! റേഡിയോയെക്കുറിച്ചുള്ള ബാല്യകാലസ്മൃതിയിൽ നീലക്കവറുള്ള ഒരു പാസ്ബുക്ക് കൂടി ഇടം പിടിച്ചിട്ടുണ്ട്. അതിലെ താളുകളിൽ വിവിധവർണ സ്റ്റാമ്പുകൾ അച്ഛൻ പോസ്റ്റ് ഓഫീസിൽച്ചെന്ന് പതിപ്പിച്ചു കൊണ്ടുവരുമായിരുന്നു. റേഡിയോയുടെ ലൈസൻസാണതെന്ന് അച്ഛൻ പറഞ്ഞുതന്നു. ഒരിക്കൽ അച്ഛനോടൊപ്പം ഞാനും പോസ്റ്റ് ഓഫീസിൽ പോയി പണമടച്ച് അതിൽ മുദ്ര പതിപ്പിച്ചു. പിന്നെ ഭാരതസർക്കാർ ആ ലൈസൻസ് രീതി പിൻവലിച്ചു. ഒരു ആർഭാടമെന്നതിൽ നിന്ന് റേഡിയോ സാധാരണക്കാരന്റെ അവശ്യവസ്തുവായി അങ്ങനെ മാറിവന്നു... പഴയ മർഫിപ്പെട്ടി മാറി ഫിലിപ്സിന്റെ പുതിയൊരു കുഞ്ഞൻ റേഡിയോ വീട്ടിലെത്തിയപ്പോൾ ആ ഏരിയൽ വലയും വേണ്ടാതായി; കുറേക്കാലം അത് ഞങ്ങൾ കുട്ടികളുടെ കളിപ്പാട്ടമായി കൂടെ നിന്നു. പിന്നെ അതും പിന്നിക്കീറി, കാലത്തിന്റെ കുപ്പത്തൊട്ടിയിലേക്കമർന്നു...
രണ്ട്
ആകാശവാണി കോഴിക്കോട് നിലയം തുറക്കുന്ന അഞ്ച് അമ്പതിന് ഉറക്കമുണരുന്ന കുട്ടിയായിരുന്നു ഞാൻ. കുറേനേരം ഒരു മൂളൽ പോലെയോ, നേർത്ത മുഴക്കം പോലെയോ നീണ്ടു നിൽക്കുന്ന ആ കൂവലിനെ ഞാൻ സങ്കൽപ്പിച്ചിരുന്നത് ആകാശവാണി വാതിൽ തുറക്കുന്ന ശബ്ദമായാണ്! പിന്നെ പ്രശസ്തമായ ആ സിഗ്നേച്ചർ ട്യൂൺ തുടങ്ങുകയായി. നമസ്കാരം പ്രിയ ശ്രോതാക്കളേ എന്നുള്ള വന്ദനശബ്ദത്തോടെ, വന്ദേമാതരത്തോടെ, പ്രഭാതഗീതത്തിലൂടെ... അങ്ങനെ ദിവസമുണരുകയായി. ശനിയാഴ്ചകളിലെ 'ശിശുലോക'വും ഞായറാഴ്ചകളിലെ 'ബാലലോക"വും കേട്ടുവളർന്ന കുട്ടിക്കാലത്തു നിന്ന് പ്രീഡിഗ്രി ക്ലാസിലെത്തുമ്പോഴേക്കും 'യുവവാണി"യുടെ ആരാധകനായിത്തീർന്നിരുന്നു ഞാൻ. 1978ലോ 79ലോ ആണ് ആദ്യമായി ഞാൻ ആകാശവാണി നിലയത്തിനു മുന്നിലെത്തുന്നത്. ബാലജനസഖ്യത്തിന്റെ ഒരു മേഖലായോഗത്തിന് കോഴിക്കോട് പോയപ്പോൾ ഒരു ഓട്ടോറിക്ഷ, കടപ്പുറത്തിന് സമാന്തരമായി എന്നെ കൊണ്ടുപോയി. സൂര്യൻ കടലിൽ കുളിക്കാനിറങ്ങുന്ന ആ വൈകുന്നേരത്ത്, ചെങ്കൽച്ചായമിട്ടുനിന്നു മഞ്ഞച്ച ആകാശവാണിക്കെട്ടിടം. വലിയ ഗെയ്റ്റിലെ കാവൽക്കാർ എന്നെ അകത്തേക്കു കടത്തി വിട്ടില്ല... കഥകൾ വാരികകൾക്കയക്കുന്നതോടൊപ്പം 'യുവവാണി"യിലേക്കും ചിലത് ഞാനയച്ചു. അങ്ങനെ ഒരിക്കൽ ഒരു കോൺട്രാക്ട് ഫോറം തപാലിൽ എന്നെത്തേടിയെത്തി. 'യുവവാണി"യിൽ പത്തുമിനിറ്റ് കഥ അവതരിപ്പിക്കാനുള്ള ക്ഷണപത്രം. പതിനേഴാം വയസിൽ, 1980-ൽ അങ്ങനെ എന്റെ ആകാശവാണി കഥാവായനാകാലം ആരംഭിക്കുന്നു. ശബ്ദരാജകുമാരൻ ഖാൻ കാവിലാണ് എന്നെ തണുത്തുറഞ്ഞ ഇടനാഴികളിലൂടെ റെക്കാർഡിംഗ് റൂമിലേക്കു കൊണ്ടുപോയത്... മലബാറുകാരന്റെ സംസാരധൃതിയോടെ അഞ്ചുമിനിട്ട് കൊണ്ട് കഥ വായിച്ചുതീർത്ത എന്നെ ഖാൻ ചിരിച്ചുകൊണ്ട് തിരുത്തി. നിർത്തി നിർത്തി, സംഭാഷണങ്ങൾക്കു പ്രത്യേകവിതാനം കൊടുത്തു വായിക്കാൻ പറഞ്ഞു തന്നു.

മൂന്ന്
കോഴിക്കോട് റേഡിയോ നിലയത്തിലെ യുവവാണിക്കാലത്തിലൂടെ ഞാൻ മുതിർന്നു. 'സാഹിത്യരംഗ'ത്തിൽ വലിയ കഥാകൃത്തുക്കളോടൊപ്പം സ്ഥാനം ലഭിക്കുന്നത് എൺപതുകളിലാണ്. എൻ.എൻ. കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, ജി. ഭാർഗവൻ പിള്ള, കാപ്പിൽ ജി. സുകുമാരൻ, രാജം കെ. നായർ, ഇരവി ഗോപാലൻ, പി. ഉദയഭാനു... കാലം കവർന്നെടുത്ത എത്രയോ പ്രതിഭാധനരെ ഞാൻ പരിചയപ്പെട്ടത് ആ അകത്തളത്തിൽ വച്ചായിരുന്നു. തിക്കോടിയന്റെ മകൾ പുഷ്പച്ചേച്ചിയേയും അമ്മയുടെ സഹപാഠിയായിരുന്ന മാലിനിച്ചേച്ചിയേയും പ്രശസ്ത കവി ശ്രീധരനുണ്ണിച്ചേട്ടനെയും ആർ. വിമലസേനൻ നായരേയും കെ.എ. മുരളീധരൻ ചേട്ടനേയും ഒക്കെ അടുത്തറിഞ്ഞതും കോഴിക്കോട്ടെ ആ മാസ്മരികലോകത്തു വെച്ചുതന്നെ.
നാല്
റേഡിയോ സിലോൺ എന്ന ശ്രീലങ്കൻ പ്രക്ഷേപണ നിലയവും വിവിധ്ഭാരതിയുമൊക്കെ ഹരമായി നിന്നിരുന്ന ഒരു ആകാശവാണിക്കാലത്തുനിന്ന് പ്രസാർഭാരതിയെന്ന പുത്തൻ പരിവേഷത്തിലൂടെ സമകാലികാവസ്ഥയിലെത്തി നിൽക്കുന്ന സർക്കാർ റേഡിയോ, പുതിയ സ്വകാര്യ എഫ്.എം. വസന്തത്തിൽ ആടിയുലയുകയാണോ? ഇപ്പോഴും തിരുവനന്തപുരത്തെ എന്റെ അപ്പാർട്ട്മെന്റിൽ രാവിലെ ഒഴുകിപ്പരക്കുന്നത് അനന്തപുരി എഫ്.എമ്മിന്റെ ശബ്ദസൗകുമാര്യമാണെങ്കിൽക്കൂടി, ഒരുതരം സർക്കാർ അവഗണനയോ കെടുകാര്യസ്ഥതയോ ആകാശവാണി നിലയങ്ങളെയാകെ അന്ധകാരച്ചുഴിയിൽ പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയാതെവയ്യ. ടെലിവിഷൻ വർണത്തേക്കാൾ, സോഷ്യൽ മീഡിയയുടെ പളപളപ്പിനേക്കാൾ, മൊബൈൽ സൗകുമാര്യത്തേക്കാൾ ഒക്കെ ഹൃദ്യം റേഡിയോ തരുന്ന ശ്രവ്യസുഖം തന്നെയാണെങ്കിലും, എന്തോ ഒരു കുഴമറിച്ചിൽ എവിടെയോ എങ്ങനെയോ സംഭവിച്ചിട്ടുണ്ട്. കാലത്തിനൊത്ത കോലം തുള്ളൽ എന്ന് സമാധാനിക്കാം, അല്ലേ?!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)