
തൃശൂർ: വാളയാർ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരിക്കും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്‌ദം ഉയർത്താൻ കിട്ടുന്ന അവസരമാണിതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
'കാസർകോട് മുതൽ തൃശൂർ വരെയുളള യാത്രയ്‌ക്കിടെ ധർമ്മടം മണ്ഡലത്തിൽ പോയിരുന്നു. അവിടെ കുറേ അമ്മമാർ ഞങ്ങളെ സ്വീകരിച്ചു. അവർക്ക് ഞാനൊരു കത്ത് കൊടുത്തു. സ്വന്തം മക്കൾക്ക് വേണ്ടി തല മുണ്ഡനം ചെയ്ത ഒരു അമ്മ നീതിക്ക് വേണ്ടി ഇതുവഴി വന്ന് പോയി എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തുന്നവരോട് പറയണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. അതിനു ശേഷം അവിടെ നിന്ന് നിരവധി അമ്മമാർ എന്നെ വിളിച്ചു. അമ്മയ്ക്ക് ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് വന്ന് പറഞ്ഞുകൂട എന്ന് അവർ ചോദിച്ചു. അതുകൊണ്ടാണ് അവിടെ മത്സരിക്കാൻ തീരുമാനിച്ചത്.' എന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. സമര സമിതിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും അവർ അറിയിച്ചു.