
ന്യൂഡൽഹി: ചൈനീസ് നിർമ്മിത കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പെടുത്തവർക്ക് വിസ ചട്ടങ്ങളിൽ വലിയ ഇളവുകൾ നൽകാമെന്ന് പ്രഖ്യാപിച്ച് ചൈനീസ് എംബസി. തൊഴിൽ, പഠന സംബന്ധമായി ചൈനയിലേക്ക് പോകുന്നവർക്കും അവരുടെ ബന്ധുക്കൾക്കുമാണ് വേണ്ട ഇളവുകൾ നൽകാൻ തയ്യാറാണെന്ന് ചൈന വാഗ്‌ദാനം നൽകിയിരിക്കുന്നത്. എന്നാൽ ചൈനീസ് നിർമ്മിത വാക്‌സിൻ കുത്തിവയ്‌പ്പ് അവർ എടുക്കണമെന്ന് മാത്രം.നിലവിൽ ഇന്ത്യയിൽ ചൈനീസ് കൊവിഡ് വാക്‌സിന് അനുമതിയില്ല.
കൊവിഡ് രോഗം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ഇന്ത്യൻ പൗരന്മാർക്ക് ചൈന പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ചൈനീസ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് പ്രത്യേക ഓഫർ ഇപ്പോൾ പ്രഖ്യാപിച്ചത്. കൊവിഡ് രോഗം പടരുന്നതിന് മുൻപുളള അതേ തരത്തിൽ ചൈനയിൽ ജോലിയും പഠനവും നടത്തുന്നവർക്ക് വിസ അപേക്ഷയ്‌ക്കുളള സൗകര്യം ഏർപ്പെടുത്തും. ചൈനീസ് പൗരന്മാരുടെ കുടുംബാംഗങ്ങൾക്കോ, ചൈനയിൽ സ്ഥിരതാമസത്തിനുളള പെർമിറ്റ് ഉളളവർക്കും ഇത് ബാധകമാണ്.
ഇന്ത്യയിൽ നിന്ന് ചൈനയിലെത്തുന്നവർ ആരോഗ്യത്തെ സംബന്ധിച്ച് ഇലക്‌ട്രോണിക് സത്യവാങ്‌മൂലം കൈയിൽ കരുതണം ഇതിനായി ന്യൂക്ളിക് ആസിഡ് ടെസ്‌റ്റിന്റെയും ആന്റിബോഡി ടെസ്‌റ്റിന്റെയും ഫലങ്ങൾ, പാസ്‌പോർട്ട് പേജ്, ചൈനീസ് വിസ എന്നിവ കൈയിൽ കരുതണം. ഇവ ചൈനീസ് എംബസിയോ ഇന്ത്യൻ കോൺസുലേറ്റോ പരിശോധിക്കും.
ഇന്ത്യക്കാർക്ക് മാത്രമല്ല ചൈനീസ് വാക്‌സിനെടുക്കുന്ന മറ്റ് വിദേശ യാത്രക്കാർക്കും ചൈന വിസ ചട്ടം ലഘൂകരിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് വാക്‌സിനുകളെടുത്ത യാത്രക്കാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്തെത്തുന്ന വിദേശികൾ ക്വാറന്റൈനും സാമൂഹിക അകലം പാലിക്കുന്നതും കർശനമായി പാലിക്കണം. കൊവിഡ് വാക്‌സിനേഷൻ വിഷയത്തിൽ മറ്റ് രാജ്യങ്ങളുമായി പരസ്‌പരം സ്വീകാര്യമായ നിലപാട് എടുക്കണമെന്നതാണ് ചൈനയുടെ താൽപര്യമെന്ന് വിദേശകാര്യ സെക്രട്ടറി സാവൊ ലിജിയാൻ പറഞ്ഞു.
അടിയന്തരമായി വാക്‌സിൻ ആവശ്യമുളള രാജ്യങ്ങളിലേക്കാണ് ചൈന അവർ നിർമ്മിച്ച വാക്‌സിൻ കയറ്റുമതി ചെയ്യുന്നത്. ഇതിനെതിരെ ഇന്ത്യയും അമേരിക്കയും ഉൾപ്പടെ നാല് രാജ്യങ്ങൾ യോഗം ചേർന്ന് വാക്‌സിൻ വിതരണം ഊർജ്ജിതപ്പെടുത്താൻ തീരുമാനമായിരുന്നു. ചൈനയുടെ വാക്‌സിൻ നയതന്ത്രത്തെ ഏത് വിധേനയും പ്രതിരോധിക്കാനാണ് ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ നാല് രാജ്യങ്ങളുടെയും തീരുമാനം.
2019 ഡിസംബറിൽ വുഹാനിൽ രോഗം ആവിർഭവിച്ചെങ്കിലും ചൈന രോഗത്തെ കർശന നടപടികളിലൂടെ നിയന്ത്രണത്തിലാക്കിയതായി അവകാശപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളിലുളളവർക്ക് വലിയ നിയന്ത്രണമാണ് ചൈന അന്ന് ഏർപ്പെടുത്തിയിരുന്നത്. ഇവയിൽ ഇളവിനായി തങ്ങളുടെ വാക്‌സിൻ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതാണ് ചൈനയുടെ നിലവിലെ തന്ത്രം. സുഹൃത്ത്‌രാജ്യങ്ങൾക്ക് പോലും ചൈനയുടെ വാക്‌സിനിൽ അത്ര വിശ്വാസമില്ലാത്തതാണ് ഈ നടപടിക്ക് ചൈനയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. നിലവിൽ ഇന്ത്യയിൽ നിർമ്മിച്ച കൊവിഡ് വാക്‌സിനാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്.