paan

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമായിക്കൊണ്ടിരിക്കുന്ന ഒരു മുറുക്കാൻ കൂട്ടാണ് ഡൽഹിയിലെ സ്വർണ വെറ്റിലക്കൂട്ട് . വിചാരിക്കും പോലെ അത്ര നിസ്സാരനല്ല ഈ വെറ്റിലക്കൂട്ട്. ഒരെണ്ണത്തിന്റെ വില തന്നെ 750 രൂപയാണ്. കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ പാൻ പാർലറായ യമുസ് പഞ്ചായത്തിലാണ് ഈ രസികൻ മുറുക്കാൻ കൂട്ട് ലഭിക്കുന്നത്.

വെറ്റിലയിൽ ചുണ്ണാമ്പ്, കരിങ്ങാലി, ഈന്തപ്പഴം, വളരെ ചെറുതായി നുറുക്കി വരട്ടിയ തേങ്ങ, പെരുംജീരകം,​ മധുരമുള്ള ചട്നി, ഗുൽഖണ്ഡ് (പനിനീർപ്പൂവിതളും പഞ്ചസാരയും ചേർത്ത മിശ്രിതം) എന്നിവ വച്ച് അതിനുമുകളിൽ ഫെററോ റോച്ചർ ചോക്ലേറ്റിന്റെ പകുതിയും വച്ച് മടക്കി എടുക്കുന്നു. മാത്രവുമല്ല ഒരു ചെറിയ നേർത്ത സ്വർണപ്പാളിയും ഇതിനു മുകളിൽ വയ്ക്കും.

സ്വർണ ഷീറ്റില്ലാതെ വേണ്ടവർക്ക് 120 രൂപയ്ക്ക് പാൻ ലഭിക്കും. അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ട്രെന്റായ ഈ വെറ്രിലക്കൂട്ടിന്റെ വീഡിയോയിൽ ഒരു വനിതാജീവനക്കാരി പാനിൽ ഈ ചേരുവകൾ ഓരോന്നായി നിറയ്ക്കുന്നത് കാണാം. ഓരോന്നിന്റെയും ഗുണങ്ങളും അവർ വിവരിക്കുന്നുണ്ട്. ചുണ്ണാമ്പ്, കാത്സ്യം സമൃദ്ധമായ ചേരുവയാണെന്നാണ് ആദ്യം പറയുന്നത്. ചുണ്ണാമ്പും കരിങ്ങാലിയും തൊണ്ടയുടെ ആരോഗ്യത്തിന് നല്ലതാണെന്നും അവർ പറയുന്നു. പ്രത്യേകിച്ചും ഗായകർക്ക് സ്വരശുദ്ധിയുണ്ടാവാൻ നല്ലതാണെന്നാണ് അവർ പറയുന്നത്.

ഈന്തപ്പഴം പ്രകൃതിദത്തമായ പഞ്ചസാരയുടെ സ്രോതസാണെന്ന് മാത്രമല്ല നാരുകളും ധാരാളം. വളരെ ചെറുതായി നുറുക്കി വരട്ടിയ തേങ്ങ നാരുകളും വിറ്റാമിനുകളും സിങ്ക് മഗ്നീഷ്യം എന്നിവയാലും സമൃദ്ധമാണെന്നും പാൻ തയ്യാറാക്കിക്കൊണ്ട് അവർ അഭിപ്രായപ്പെടുന്നു. സ്വർണ്ണ ഷീറ്റില്ലാതെ പാൻ വേണ്ടവർ 120 രൂപ നൽകിയാൽ മതിയാകും.