
കെകെ ഹരിദാസ് സംവിധാനം ചെയ്‌ത് 1996ൽ പുറത്തിറങ്ങിയ ചിത്രമാണ് കിണ്ണം കട്ടകള്ളൻ. ശ്രീനിവാസൻ, ജഗദീഷ്, ദേവയാനി, ജഗതി ശ്രീകുമാർ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയത്. സതീഷ് കുറ്റിയിലായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. തന്റെ തിരിച്ചുവരവിനു കൂടി കാരണമായ സിനിമയാണ് കിണ്ണം കട്ടകള്ളൻ എന്നുപറയുകയാണ് സതീഷ്. അതിൽ മുഖ്യപങ്കുവഹിച്ചത് ശ്രീനിവാസനാണെന്നും അദ്ദേഹം പറയുന്നു.
'ഒന്നര ലക്ഷം രൂപയാണ് ചിത്രത്തിൽ അഭിനയിക്കാൻ ശ്രീനിയേട്ടന് പ്രതിഫലം നിശ്ചയിച്ചത്. 25000 രൂപ അഡ്വാൻസും നൽകി. ഒറ്റപ്പാലത്ത് പടം തുടങ്ങാനുള്ള എല്ലാ സംവിധാനങ്ങളുമായി. ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിയേട്ടനെ ഞങ്ങൾ നന്നായൊന്ന് സൽക്കരിച്ചു. പതിവിൽ നിന്നും കൂടുതലായി അദ്ദേഹം അന്ന് വിസ്‌കി കഴിച്ചു. പിറ്റേന്ന് സെറ്റ് മുഴുവൻ റെഡിയായി. പക്ഷേ ശ്രീനിയേട്ടന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയായി. പക്ഷേ ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്തിട്ട് ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞു.
അങ്ങനെ ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് നിറുത്തിവച്ചു. അത് എനിക്ക് ദൈവാദീനമായി മാറി. ശ്രീനിയേട്ടൻ സ്ക്രിപ്‌ട് വായിക്കണമെന്നു പറഞ്ഞു. അങ്ങനെ വായിക്കാൻ കൊടുത്ത സ്ക്രിപ്‌ട് അദ്ദേഹം സമയമെടുത്ത് തിരുത്തി. ഒടുവിൽ 45 ദിവസത്തിലധികം എടുക്കുമായിരുന്ന തിരക്കഥ 21 ദിവസമാക്കി അദ്ദേഹം മാറ്റി. വലിയ ലാഭമാണ് എനിക്കതിലൂടെ ഉണ്ടായത്. ആ നന്ദി എന്നും എനിക്ക് ശ്രീനിയേട്ടനോടുണ്ട്'.