
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ സുധാകരൻ എം പി. ധർമ്മടത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. താനും ആരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഒരു ചർച്ച ഇപ്പോഴില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടി ധർമ്മടം ചലഞ്ച് ഏറ്റെടുക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. 'നമുക്ക് ഇപ്പോൾ ഇവിടെ നിരവധി പേരുണ്ട്. അപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ. ഞാൻ ഇപ്പോൾ എം പിയാണ്. ധർമ്മടത്ത് യോഗ്യനായ സ്ഥാനാർത്ഥിയുണ്ടാകും' എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്‌തിയില്ലെന്ന് സുധാകരൻ ആവർത്തിച്ചു. പട്ടികയിൽ പോരായ്‌മയുണ്ട്. അക്കാര്യം തുറന്നു പറയുന്നതിൽ ഭയപ്പാടുമില്ല, മടിയുമില്ല. ആരുടെ മുന്നിലും തുറന്നുപറയും, പറഞ്ഞിട്ടുമുണ്ട്. പോരായ്‌മകളുണ്ടെങ്കിലും ഈ പട്ടിക വച്ച് മുന്നോട്ടുപോകാനേ നിവൃത്തിയുളളൂ. പ്രശ്‌നങ്ങളും പരാതികളും നേതാക്കളുമായി ചര്‍ച്ച ചെയ്‌ത് പരിഹാരം കാണുകയാണ് പാർട്ടിയുടെ ശൈലിയെന്നും സുധാകരൻ പറഞ്ഞു.
വിജയപ്രതീക്ഷയുണ്ട്, പ്രതീക്ഷയ്‌ക്ക് കാരണം ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിയാണ്. സ്ഥാനാർത്ഥി പട്ടിക രണ്ടാമത്തെ കാര്യം മാത്രമാണെന്നും സുധാകരൻ പറഞ്ഞു. എ ഗ്രൂപ്പിന് ഡി സി സി പ്രസിഡന്റ് സ്ഥാനം നൽകുമോ എന്ന ചോദ്യത്തിന്, ഇതേക്കുറിച്ചൊന്നും ചർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരിക്കൂർ സീറ്റിനെ കുറിച്ചുളള പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എപ്പോഴും താൻ ശുഭാപ്‌തി വിശ്വാസിയാണ്. പ്രശ്‌നം തീരണം, തീർക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.