chemancheri

കലാസ്വാദകരിൽ വലിയൊരു ദൃശ്യസംസ്കാരം വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച കഥകളി ആചാര്യനായിരുന്നു കഴിഞ്ഞ ദിവസം നൂറ്റിയഞ്ചാം വയസിൽ വിടപറഞ്ഞ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും സ്വപ്രയത്നവും ആയിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. സഹോദരിയിൽ നിന്നും കാലണ വാങ്ങി ചെറുപ്രായത്തിൽ കഥകളി പഠിക്കാൻ പോയ കുഞ്ഞിരാമൻ നായർ രാജ്യം പദ്മശ്രീ നൽകി ആദരിച്ച മഹാകലാകാരനായി വളർന്നതിനു പിന്നിൽ സമർപ്പിത ജീവിതത്തിന്റെ കൈമുദ്രകൾ പതിഞ്ഞിട്ടുണ്ട്. കഥകളിക്കു പുറമെ ഭരതനാട്യവും കേരളനടനവും അദ്ദേഹത്തിനു നന്നായി വഴങ്ങിയിരുന്നു.

ഗുരു ചേമഞ്ചേരിയെ ഓർക്കുമ്പോൾ ആ വലിയ കലാകാരന്റെ പുകൾക്കൊണ്ട വേഷങ്ങൾക്കുള്ളിൽ നിന്ന് സദാ പുഞ്ചിരി പൊഴിക്കുന്ന വിശുദ്ധമായ മുഖം നമ്മുടെ മനസുകളിൽ തെളിയുന്നു. വേഷം കെട്ടിയ ചേമഞ്ചേരിയും വേഷം കെട്ടാത്ത ചേമഞ്ചേരിയും ഏതുകാലത്തും പ്രസന്നവദനനായിരുന്നു. ഒരു നൂറ്റാണ്ടിന്റെ കർമ്മസാക്ഷിയായ ആ വലിയ നടന്റെ ഹൃദയത്തിൽ നിന്ന് നൈസർഗികമായി പടരുന്ന പ്രസാദാത്മകത്വമായിരുന്നു അത്. ജീവിതത്തിലെ ദുഃഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും നേരിയ നിഴൽപോലും ആ മുഖത്ത് തിരനോട്ടം നടത്തിയിട്ടേയില്ല. ആ മനസ് എപ്പോഴും ആനന്ദത്തിലായിരുന്നു. ഒരു കലാകാരൻ തന്റെ ജീവിതത്തിൽ കീർത്തിക്കും അംഗീകാരങ്ങൾക്കുമപ്പുറം നേടിയെടുക്കേണ്ട ഉദാത്തമായ അനുഭൂതിയും സിദ്ധിയും സഹജമായ ഈ ആനന്ദം തന്നെ.

കരുണാകരമേനോൻ എന്ന ഗുരുവാണ് ചേമഞ്ചേരിയെ കഥകളി അഭ്യസിപ്പിച്ചത്. താൻ കഥകളി പഠിച്ചിറങ്ങിയ കാലഘട്ടത്തെക്കുറിച്ച് ചേമഞ്ചേരി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പുലർച്ചെ മൂന്നുമണിക്ക് ഉണർന്ന് കഠിനമായ പരിശീലനം കഴിഞ്ഞ് സന്ധ്യയ്ക്ക് അരങ്ങിൽക്കയറിയാൽ വെളുക്കും വരെ കളി തുടരുമായിരുന്നു. ഇന്നത്തെപ്പോലെ അവതരണത്തിന്റെ ദൈർഘ്യം അന്ന് വെട്ടിച്ചുരുക്കിയിരുന്നില്ല. കഥ പൂർത്തിയാകും വരെ ആടുകയെന്നതായിരുന്നു അന്നത്തെ രീതി. എന്നാൽ കഥകളി കലാകാരന് കിട്ടുന്ന പ്രതിഫലമാകട്ടെ വളരെ തുച്ഛവുമായിരുന്നു. സംഘാടകർ ചിലപ്പോൾ നല്ലൊരു സദ്യയൊരുക്കും. പിന്നീട് പ്രതിഫലമൊന്നും കാണില്ല. കേരളത്തിന്റെ തനത് കലാരൂപമായിട്ടും ആ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടുമില്ല.

നൂറ് വയസ് പിന്നിട്ടിട്ടും അരങ്ങിൽ കയറാൻ മഹാസൗഭാഗ്യം ലഭിച്ച കലാകാരനായിരുന്നു ചേമഞ്ചേരി. സസ്യാഹാരിയായ അദ്ദേഹത്തിന്റെ ചിട്ടയായ ജീവിതശൈലിയാണ് അതിനു കാരണമായത്. കൃഷ്ണനും കുചേലനുമടക്കം ചേമഞ്ചേരിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. കൃഷ്ണനായി അരങ്ങത്ത് വരുമ്പോൾ ആരാധനയോടെ കലാപൂജ അർപ്പിക്കുകയാണ് താൻ ചെയ്യുന്നതെന്നും അതാണ് കലാകാരനെന്ന നിലയിൽ തന്നെ ആഹ്ളാദിപ്പിക്കുന്നതെന്നും ചേമഞ്ചേരി തുറന്നു പറഞ്ഞിട്ടുണ്ട്. സ്വാതന്ത്യ്രലബ്ധിക്കു മുമ്പുതന്നെ മലബാറിൽ ഭാരതീയ നാട്യകലാലയം എന്ന പേരിൽ ചേമഞ്ചേരി നൃത്ത കലാവിദ്യാലയം സ്ഥാപിച്ചിരുന്നു. പലതലമുറകളിലായി വിപുലമായ ശിഷ്യസമ്പത്തിനും ഉടമയായിരുന്നു അദ്ദേഹം.

ദിവ്യചൈതന്യമുള്ള കലാകാരനായിരുന്നു ചേമഞ്ചേരി കുഞ്ഞിരാമൻനായർ. അനുഗൃഹീതമായ ആ ജീവിതത്തിന് യവനിക വീണെങ്കിലും അദ്ദേഹം നിറഞ്ഞാടിയ കഥാപാത്രങ്ങളുടെ സ്മരണകൾക്കു മുന്നിൽ ആട്ടവിളക്ക് ഒരിക്കലും അണയുന്നതേയില്ല.