bindhu-krishna

സിനിമാ താരങ്ങളായ മുകേഷും ഗണേശ്കുമാറും മാറ്റുരയ്ക്കുന്ന കൊല്ലത്ത് ഇക്കുറി താരമായത് കോൺഗ്രസ് വനിതാ നേതാവും ഡി.സി.സി പ്രസിഡന്റുമായ ബിന്ദുകൃഷ്ണ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന്റെയും പ്രഖ്യാപനത്തിന്റെയും ഉദ്വേഗഭരിതമായ ഓരോഘട്ടത്തിലും എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ബിന്ദുകൃഷ്ണയിലേക്കായിരുന്നു. ഒരുഘട്ടത്തിൽ കൊല്ലത്ത് ബിന്ദുകൃഷ്ണയ്ക്ക് സീറ്റില്ലെന്ന് അഭ്യൂഹം പരന്നതോടെ ഡി.സി.സി ഓഫീസ് കണ്ണീരിൽ കുതിർന്നു. കഴിഞ്ഞ നാലര വർഷമായി തങ്ങൾക്കൊപ്പം നിന്ന നേതാവിന് സീറ്റില്ലെന്നറിഞ്ഞതോടെ ഡി.സി.സി ഓഫീസിലെത്തിയ മത്സ്യത്തൊഴിലാളികളും പാവങ്ങളുമായ വനിതകൾക്ക് സങ്കടം അടക്കാനായില്ല. അവരുടെ കരച്ചിലിൽ ബിന്ദുകൃഷ്ണയുടെ കണ്ണുകളും നിറഞ്ഞൊഴുകി. അവിടെ തടിച്ചുകൂടിയ പ്രവർത്തകരും നേതാക്കളും മാത്രമല്ല, കോൺഗ്രസുകാരല്ലാത്തവർ പോലും ആ വൈകാരിക നിമിഷങ്ങളെ ആത്മാർത്ഥതയോടെ ഉൾക്കൊണ്ടുവെന്നതാണ് ശ്രദ്ധേയം. ഏതായാലും ആ കണ്ണീരിന്റെ ആഴം കോൺഗ്രസ് മേലാളന്മാരുടെ കണ്ണ് തുറപ്പിച്ചു. ഒടുവിൽ രാത്രി വൈകി ഡൽഹിയിൽ നിന്ന് പ്രഖ്യാപനം വന്നു. കൊല്ലം സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ തന്നെ. അങ്ങനെ ഈ തിരഞ്ഞെടുപ്പിൽ കണ്ണീരിന്റെ നനവിൽ സീറ്റ് നേടിയെടുത്ത ബിന്ദുകൃഷ്ണയാണ് കൊല്ലത്തെ യഥാർത്ഥ താരം. മഹിളാകോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷിന് നേടാൻ കഴിയാത്തതാണ് ബിന്ദുകൃഷ്ണ നേടിയെടുത്തത്.

ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് കിട്ടാൻ കണ്ണീരിന്റെ പിൻബലം വേണ്ടിവന്നുവെന്നത് അവരെ അറിയുന്ന കൊല്ലംകാർക്ക് ഒരത്ഭുതമാണ്. കാരണം നാലര വർഷമായി ഡി.സി.സി പ്രസിഡന്റെന്ന നിലയിൽ പുരുഷകേസരികളെപ്പോലും പിന്നിലാക്കുന്ന പ്രവർത്തനമാണ് അവർ കാഴ്ചവച്ചത്. ആദ്യം അവർക്ക് സീറ്റ് നിഷേധിച്ചവർ കാണാതെ പോയതും ഈ മികവാണ്. കെട്ടുറപ്പില്ലാതെ കിടന്ന ജില്ലയിലെ കോൺഗ്രസിനെ ഗ്രൂപ്പ് വൈരങ്ങൾ മറന്ന് ഒറ്റക്കെട്ടാക്കി നിറുത്താൻ യത്നിച്ച അവരുടെ പ്രവർത്തനമികവ് എതിരാളികൾ പോലും അംഗീകരിക്കുന്നു. പാർട്ടി പ്രവർത്തകർക്കൊപ്പം ഊണിലും ഉറക്കത്തിലും അവരിലൊരാളായി ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്നു ബിന്ദുകൃഷ്ണ. സമരമുഖങ്ങളിലെല്ലാം വീറോടെ മുന്നിൽത്തന്നെയുണ്ടായിരുന്നു. ഡി.സി.സി ഓഫീസിന്റെ പുതിയ മന്ദിരം തലയെടുപ്പോടെ നിൽക്കുന്നതിന്റെ ക്രെഡിറ്റിൽ നല്ലൊരു പങ്കും അവർക്കവകാശപ്പെട്ടതാണ്. സ്ഥാനാർത്ഥിത്വത്തിനെതിരെ അപസ്വരങ്ങളുയരാതെ ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പുകൾക്കെല്ലാം സ്വീകാര്യയായ നേതാവായി മാറിയെന്നതാണ് അവരുടെ ആദ്യജയം. കൊല്ലത്ത് സിറ്റിംഗ് എം.എൽ.എ ആയ നടൻ എം. മുകേഷിനെയാണ് ബിന്ദുകൃഷ്ണ നേരിടുന്നത്. സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലമായി കൊല്ലം മാറുന്നതും ഇതിനാലാണ്.

കണ്ണീരിനൊപ്പം പ്രതിഷേധങ്ങളും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ സീറ്റ് നിർണയം ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴും പൂർണമായിട്ടില്ല. ഇടതുമുന്നണി 11 സീറ്റുകളിലും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി. സ്ഥാനാർത്ഥികളെല്ലാം പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. കോൺഗ്രസ് ജില്ലയിൽ മത്സരിക്കുന്ന ഏഴ് സീറ്റുകളിൽ ആറിടത്തും സ്ഥാനാർത്ഥികളായെങ്കിലും കുണ്ടറ സീറ്റിലാണ് അനിശ്ചിതത്വം തുടരുന്നത്. പി.സി വിഷ്ണുനാഥിന്റെ പേരാണിപ്പോൾ ഇവിടെ ഉയർന്നുകേൾക്കുന്നത്. ബിന്ദുകൃഷ്ണയ്ക്ക് പകരം ആദ്യം കൊല്ലത്തായിരുന്നു വിഷ്ണുനാഥിന്റെ പേര് പറഞ്ഞു കേട്ടത്. എന്നാൽ കൊല്ലം ബിന്ദുകൃഷ്ണയ്ക്ക് തന്നെ നൽകിയതോടെ വിഷ്ണുനാഥിനെ വട്ടിയൂർക്കാവിൽ പരിഗണിക്കുന്നതായി കേട്ടിരുന്നുവെങ്കിലും ഏറ്റവുമൊടുവിൽ കുണ്ടറയിലെത്തി നിൽക്കുകയാണ്. എന്നാൽ പ്രദേശവാസിയും മിൽമ തിരുവനന്തപുരം മേഖലാചെയർമാനുമായ കല്ലട രമേശിന്റെ പേരാണ് ഇവിടെ ആദ്യം മുതലേ ഉയർന്നുകേട്ടത്. ഇടതുമുന്നണി സ്ഥാനാർത്ഥിയും മന്ത്രിയുമായ ജെ.മേഴ്സിക്കുട്ടിയമ്മയെ കുണ്ടറയിൽ നേരിടാൻ ശക്തനായ സ്ഥാനാർത്ഥി കല്ലട രമേശ് തന്നെയാണെന്നാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വികാരം. എന്നാൽ കുണ്ടറയിൽ വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രവർത്തകർ ഡി.സി.സി ഓഫീസിന്റെ മുകളിൽ കയറി പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധം യു.ഡി.എഫിൽ മാത്രമല്ല, എൽ.ഡി.എഫിലും ഉയർന്നുവെങ്കിലും അതെല്ലാം ഇപ്പോൾ കെട്ടടങ്ങിയ നിലയിലാണ്. ചടയമംഗലത്ത് സ്ഥാനാർത്ഥിയായി സി.പി.ഐ നിശ്ചയിച്ച പാർട്ടി ദേശീയ നിർവാഹകസമിതി അംഗവും കെപ്കോ ചെയർപേഴ്സണുമായ ജെ.ചിഞ്ചുറാണിയ്ക്കെതിരെയാണ് ചടയമംഗലത്ത് പരസ്യപ്രതിഷേധം ഉയർന്നത്. സി.പി.ഐ പ്രാദേശികനേതാവ് പി.പി മുസ്തഫയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഏതായാലും ചിഞ്ചുറാണി മണ്ഡലത്തിൽ സജീവമായതോടെ പ്രതിഷേധം കെട്ടടങ്ങിയ നിലയിലാണ്. പുനലൂർ സീറ്റ് മുസ്ലിം ലീഗിന് നൽകിയ യു.ഡി.എഫ് നിലപാടിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധം ഉയർന്നിരുന്നു. അബ്ദുൽ റഹ്മാൻ രണ്ടത്താണിയാണ് പുനലൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി. കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിനെതിരെ പരസ്യ പ്രതിഷേധം ഉയർന്നില്ലെങ്കിലും സീറ്റ് ചർച്ചാവേളയിൽ പാർട്ടിയ്ക്കുള്ളിൽ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ അഞ്ച് വർഷം എം.എൽ.എ ആയിരുന്ന എം. മുകേഷിനെക്കൊണ്ട് പാർട്ടിക്ക് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി.കെ ഗുരുദാസനാണ് പാർട്ടി യോഗത്തിൽ തുറന്നടിച്ചത്. നോർക്ക റൂട്സ് വൈസ് ചെയർമാനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.വരദരാജനും പ്രതിഷേധം ഉയർത്തിയിരുന്നു.

ചാത്തന്നൂർ സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ എൻ.പീതാംബരക്കുറുപ്പിനെ നിശ്ചയിച്ചതിനെതിരെ കോൺഗ്രസിലെ ഒരുവിഭാഗം പ്രതിഷേധം ഉയർത്തി. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ നെടുങ്ങോലം രഘുവിന് സീറ്റ് നിഷേധിച്ചതിനെതിരെയായിരുന്നു ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

ജില്ലയിൽ മറ്റു പാർട്ടികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പിയിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. കൊല്ലം, കരുനാഗപ്പള്ളി സീറ്റുകളിലാണ് ഇതുവരെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്. ഈ രണ്ട് സീറ്റുകൾ കൂടാതെ ബി.ജെ.പി മത്സരിക്കുന്ന ചാത്തന്നൂർ, കുന്നത്തൂർ, ചവറ, പുനലൂർ, ചടയമംഗലം,കൊട്ടാരക്കര, പത്തനാപുരം സീറ്റുകളിൽ സ്ഥാനാർത്ഥികളായി. ബി.ജെ.പി ജില്ലയിൽ ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന ചാത്തന്നൂരിൽ പാർട്ടി ജില്ലാ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ബി.ബി ഗോപകുമാറാണ് സ്ഥാനാർത്ഥി. 2016 ലെ തിരഞ്ഞെടുപ്പിൽ ഗോപകുമാർ ചാത്തന്നൂരിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഈ മേഖലയിൽ ബി.ജെ.പി ശക്തമായ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം പോലും ബി.ജെ.പി സ്വന്തമാക്കി.

രണ്ട് വനിതകളുമായി

യു.ഡി.എഫും എൽ.ഡി.എഫും

ജില്ലയിൽ 11 സീറ്റുകളും നിലവിൽ എൽ.ഡി.എഫിനാണ്. സീറ്റുകൾ നിലനിർത്താൻ എൽ.ഡി.എഫും പകുതിസീറ്റെങ്കിലും പിടിച്ചെടുക്കാൻ യു.ഡി.എഫും ഒരു സീറ്റിലെങ്കിലും വിജയം ഉറപ്പിക്കാനും മറ്റുള്ളിടത്ത് നില മെച്ചപ്പെടുത്താനും ബി.ജെ.പിയും ഏറെ കരുതലോടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കം അഞ്ച് സിറ്റിംഗ് എം.എൽ.എ മാരാണ് ഇടതുമുന്നണിയിൽ വീണ്ടും ജനവിധി തേടുന്നത്. മേഴ്സിക്കുട്ടിയമ്മയെക്കൂടാതെ ചടയമംഗലത്ത് മത്സരിക്കുന്ന ജെ.ചിഞ്ചുറാണിയാണ് (സി.പി.ഐ) ഇടതുമുന്നണിയിലെ രണ്ടാമത്തെ വനിതാ സ്ഥാനാർത്ഥി. യു.ഡി.എഫിൽ കൊല്ലത്ത് ബിന്ദുകൃഷ്ണയെക്കൂടാതെ കൊട്ടാരക്കരയിൽ മത്സരിക്കുന്ന ആർ.രശ്മിയാണ് കോൺഗ്രസിലെ രണ്ടാം വനിത. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി കുണ്ടറയിൽ മത്സരിക്കുന്ന വനജ വിദ്യാധരനാണ് എൻ.ഡി.എ യുടെ ഏക വനിതാ സ്ഥാനാർത്ഥി. ഇനി പ്രഖ്യാപിക്കാനുള്ള കൊല്ലം, കരുനാഗപ്പള്ളി സീറ്റുകളിൽ ഒരിടത്തെങ്കിലും വനിതാ സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് സൂചന. പത്തനാപുരത്ത് നാലാമതും ജനവിധി തേടുന്ന നടൻ കെ.ബി ഗണേശ്കുമാർ കൊവിഡ് മുക്തനായ ശേഷം കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചു.