oommen-chandy

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പളളി നിയോജകമണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തിയാണ് പത്രിക നൽകിയത്. ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉമ്മൻ ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് ഉമ്മൻ ചാണ്ടി നൽകിയത്.

പന്ത്രണ്ടാം തവണയാണ് ഉമ്മൻ ചാണ്ടി പുതുപ്പളളിയിൽ മത്സരിക്കുന്നത്. നേമം മണ്ഡലത്തിലേക്ക് അദ്ദേഹം ഇത്തവണ മാറുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് പുതുപ്പളളിയിലെ ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു.

നിയമസഭയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയതിന് ശേഷം നടക്കുന്ന ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പാണിത്. 1970ലാണ് ഉമ്മൻ ചാണ്ടി പുതുപ്പളളിയിൽ ആദ്യമായി മത്സരിക്കുന്നത്. അന്ന് സി പി എമ്മിലെ ഇ എം ജോർജിനെ 7288 വോട്ടിനാണ് ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തിയത്.

പ്രവർത്തകരോടൊപ്പം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചത്. അഞ്ചാം തവണയാണ് ചെന്നിത്തല ഹരിപ്പാട് നിന്നും ജനവിധി തേടുന്നത്.