
നിള തൻതീരത്തെ മണൽപ്പരപ്പിലായെ
എരിഞ്ഞടങ്ങുവാൻ അഭിലഷിച്ചു ഞാൻ
അറിയിന്നിപ്പോഴാ നദി മരിച്ചെന്നേ
ദഹന കർമ്മവും നടന്നിട്ടേറെയായ്
ഒരു പിടി ചാരം കൂടത്തിനുള്ളിലായ്
ചെമപ്പു പട്ടു കൊണ്ടടച്ചു ഭദ്രമായ്
നിമഞ്ജനത്തിനായി തിരഞ്ഞു നീർച്ചുഴി
കണി കാണാനില്ല ചെറു നീർച്ചാൽ പോലും
ബലിത്തറയിലെ മോക്ഷപൂജയ്ക്കായി
ഉരുളമൂന്നെണ്ണമുരുട്ടി വയ്ക്കുവാൻ
നനച്ചു കയ്കളൊന്നുറച്ചു കൊട്ടുവാൻ
ഒരു തുള്ളി നീരും നിളയിലല്ലല്ലോ.
അറിയുന്നെത്രയോ മഹാരഥൻമാർ തൻ
ചിതയിലെ ഭസ്മം ലയിച്ചൊഴുകീ നീ
നിനക്കൊഴുകുവാൻ ലയിച്ചുചേരുവാൻ
ഒരു കൂടം തീർത്ഥം കരുതാഞ്ഞതെന്തേ?
നദികൾ ഭൂമി തൻ സിരകളാണത്
നശിക്കിൽ ഭൂമിയും മരിക്കും, മർത്ത്യനും
മല തുരന്നിട്ടും പുഴ വരണ്ടിട്ടും
ദുര ശമിക്കാത്ത മർത്ത്യജന്മങ്ങൾ
കുടത്തിലെ ചാരം കൊടുത്തു 'തുട്ടാക്കി"
വരണ്ട തീരമോ പകുത്തു തുണ്ടാക്കി
കരമടചണചതിൻ രശീതി ശീട്ടാക്കി
വിലക്കു വിൽക്കുവാൻ വിളംബരം ചെയ്തു
വികസനമെന്നതിനുപേരിട്ടു
വിപണനമേള മഹമഹമാക്കി
വികസിക്കേണ്ടവർ പറന്നുവന്നെത്തി
വില പറച്ചിലും തുകയ്ക്കുപേശലും
തരകൻമാരവർ അരങ്ങുവാഴുന്നു
എരിഞ്ഞടങ്ങേണ്ട മനസു മാറ്റി ഞാൻ
പുതിയ മോഹമെൻ മനം നിറയ്ക്കുന്നു
എനിക്കും വാങ്ങണമൊരുതുണ്ടെങ്കിലും
പഴയ 'മാമാങ്കത്തറ"യതാവുകിൽ
പ്രശസ്തിയേറി ഞാൻ പ്രതാപിയായിടും
നിളയൊഴുകിയ നിരന്ന ഭൂമിയിൽ
ഉയരും മാളിക മനസിൽ പൊങ്ങുന്നു.