paithalmala

കണ്ണൂരിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പൈതൽ മല. പച്ചപ്പും പ്രകൃതിഭംഗിയും നിറഞ്ഞുനിൽക്കുന്നയിവിടം സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം തന്നെയാണ്. കാട് കാണാനും തണുത്ത കാറ്റ് ആസ്വദിക്കാനും ഇഷ്‌ടപ്പെടുന്നവർക്ക് ഒട്ടും മടിക്കാതെ പൈതൽ മലയിലേക്ക് പോകാം. പൈതൽമലയെ കണ്ണൂരിന്റെ മൂന്നാറെന്ന് വിളിച്ചാലും തെറ്റില്ല. അത്രയേറെ ഭംഗി നിറഞ്ഞയിടമാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവർക്കും സാഹസികത ഇഷ്‌ടപ്പെടുന്നവർക്കും ഒരുപോലെ പൈതൽ മല ആസ്വദിക്കാൻ കഴിയും. കടൽ നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലായിട്ടാണ് പൈതൽ മല പരന്നുകിടക്കുന്നത്. നിബിഢവനങ്ങളാണ് മലമുകളിൽ ഉള്ളത്. മലയുടെ അടിവാരത്തിൽ ഒരു വിനോദസഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. പൈതൽ മലയ്‌ക്ക് രണ്ട് കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ. നീണ്ടു പരന്ന് കിടക്കുന്ന പുൽമേടുകളും ചോലവനങ്ങളും കാട്ടരുവികളും ഒക്കെ നിറഞ്ഞയിടമാണ്. പൈതൽ മലയുടെ മുകളിലുള്ള വാച്ച് ടവറിൽ നിന്നുള്ള കുടക് വനങ്ങളുടെയും കടലിന്റെയും കാഴ്‌ചകൾ ഏതൊരു സഞ്ചാരിയുടെയും മനസ് കീഴടക്കും.

പൈതൽ മലയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടാണ് മറ്റൊരു ആകർഷണ കേന്ദ്രം. 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നുള്ള കാഴ്‌ചകളും മൂടൽ മഞ്ഞും ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്. പാലക്കയം തട്ടിന്റെ മുകളിൽ വരെ സഞ്ചാരികളുടെ വാഹനങ്ങൾ എത്തിച്ചേരുമെന്നതാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. മലയുടെ മുകളിൽ ട്രക്കിംഗിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.