
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്ളാമർ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് നേമം. ഒരുപക്ഷേ, സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലമായിരിക്കും നേമം. അതിനുള്ള കാരണങ്ങൾ പലതാണ്. ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റ് എന്നതാണ് നേമത്തെ ഗ്ലാമർ മണ്ഡലമാക്കുന്ന ഒരു കാരണം. രണ്ടാമത്തേത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കൊണ്ട് ശ്രദ്ധേയമായ മണ്ഡലം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും പേരുകൾ സ്ഥാനാർത്ഥികളായി ഉയർന്നുകേട്ട നേമത്ത് ഒടുവിൽ രാഷ്ട്രീയ കേരളത്തിലെ ചാണക്യനായ അന്തരിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൻ കെ.മുരളീധരൻ കോൺഗ്രസിനായി മണ്ഡലം തിരിച്ചുപിടിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്.
 വാഴുമോ വീഴുമോ?
മണ്ഡലം തിരിച്ചുപിടിക്കുക എന്നതിനെക്കാളുപരി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് മറിച്ചു എന്ന സി.പി.എമ്മിന്റെ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ് നേമത്തെ വിജയത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. 8,671 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഒ. രാജഗോപാൽ കഴിഞ്ഞ തവണ ബി.ജെ.പിയുടെ ഏക സീറ്റ് കേരളത്തിൽ നേടിയത്. 2006ൽ നേമത്ത് ജയിച്ച കോൺഗ്രസിന് 60,884 വോട്ടാണ് ലഭിച്ചത്. 2011ൽ സീറ്റ് യു.ഡി.എഫ് തങ്ങളുടെ ഘടകകക്ഷിയായ ജനതാദൾ യുണൈറ്റഡിന് നൽകി. അന്ന് അവർക്ക് ലഭിച്ചത് 20,248 വോട്ട്. 2016 ആയപ്പോഴേക്കും സ്ഥാനാർത്ഥിയായി മത്സരിച്ച വി.സുരേന്ദ്രൻ പിള്ളയ്ക്ക് നേടാനായത് 13,860 വോട്ടുകൾ മാത്രം.കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കുറഞ്ഞു എന്നതു മാത്രമല്ല, കോൺഗ്രസിന്റെ വോട്ടുകൾ പോലും അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തില്ല. അവിടെ നിന്ന് കോൺഗ്രസ് കേൾക്കാൻ തുടങ്ങിയതാണ് വോട്ട് കച്ചവടമെന്ന ആരോപണം. ആ കറ മായ്ച്ചു കളയുകയെന്ന ഉത്തരവാദിത്തമാണ് മുരളീധരനെ കോൺഗ്രസ് നേതൃത്വം ഏൽപിച്ചിരിക്കുന്നത്.
എൽ.ഡി.എഫിന് വേണ്ടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ വി.ശിവൻകുട്ടിയാണ് അങ്കത്തട്ടിലുള്ളത്. ഇടതുപക്ഷത്തെ സംബന്ധിച്ചടത്തോളം നേമം സീറ്റ് പ്രസ്റ്റീജ് ഇഷ്യൂ ആണ്. 2011ൽ 50,076 വോട്ടും 2016ൽ 59,142 വോട്ടുമാണ് എൽ.ഡി.എഫിന് നേമത്ത് ലഭിച്ചത്. എന്തുവില കൊടുത്തും മണ്ഡലം തിരിച്ചുപിടിച്ച് ബി.ജെ.പിയെ തറപറ്റിക്കുകയും കോൺഗ്രസിനെ ക്ഷീണിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ നേമത്തെ മത്സരഫലം മുൻകൂട്ടി പ്രവചിക്കുക അസാദ്ധ്യവും സങ്കീർണവുമാണ്.
 കുമ്മനം രാജേട്ടന്റെ പിൻഗാമിയാകുമോ?
മണ്ഡലം നിലനിറുത്താൻ ഒ. രാജഗോപാലിന് പകരമായി ബി.ജെ.പി ഇറക്കിയിരിക്കുന്നത് പാർട്ടിയിലെ മൃദുവാദി എന്നറിയിപ്പെടുന്ന കുമ്മനം രാജശേഖരനെയാണ്. രാജഗോപാലിന്റെ പിൻഗാമിയാകാൻ കുമ്മനത്തിന് കഴിയുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുരളീധരൻ ശക്തനായ സ്ഥാനാർത്ഥിയെന്ന് രാജഗാപാൽ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് നേമത്തെ വിജയം അനായാസമല്ലെന്ന് ബി.ജെ.പി രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം നേമത്ത് ലീഡ് ചെയ്തതും അവർക്ക് ആശ്വാസവും പ്രതീക്ഷയുമാണ്. അന്ന് വിജയം ശശി തരൂരിനൊപ്പമായിരുന്നുവെന്ന് മാത്രം. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നേമത്തെ 21 വാർഡുകളിൽ 11 എണ്ണത്തിലും ബി.ജെ.പിക്കായിരുന്നു വിജയം. എൽ.ഡി..എഫിന് എട്ടും യു.ഡി.എഫിന് രണ്ടും സീറ്റാണ് ലഭിച്ചത്.
1957ൽ മുതലുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിൽ ഇടതുപാർട്ടികളോ സോഷ്യലിസ്റ്റ് പാർട്ടികളോ ആണ് നേമത്ത് ജയിച്ചത്. 1977ലാണ് കോൺഗ്രസ് നേമത്ത് ആദ്യം വിജയക്കൊടി പാറിച്ചത്. സി.പി.എമ്മിലെ പള്ളിച്ചൽ സദാശിവനെ പരാജയപ്പെടുത്തി എസ്. വരദരാജൻ നായർ ആയിരുന്നു ത്രിവർണ പതാക വീശിയത്. 1996 മുതൽ 2016 വരെയുള്ള തിരഞ്ഞെടുപ്പിൽ രണ്ട് തവണ വീതം എൽ.ഡി.എഫും യു.ഡി.എഫും നേമത്ത് ജയിച്ചു. 2001ന് ശേഷം രണ്ട് തവണ കോൺഗ്രസിലെ എൻ. ശക്തൻ സീറ്റ് നിലനിറുത്തി.
 കരുണാകരൻ മത്സരിച്ച നേമം
നേമം മണ്ഡലം ആദ്യമായി രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിൽ വന്നത് 1982ൽ കെ. കരുണാകരൻ മത്സരിച്ചപ്പോഴാണ്. തൃശൂരിലെ മാളയിലും നേമത്തും കരുണാകരൻ മത്സരിക്കുകയായിരുന്നു അന്ന്. രണ്ട് സീറ്റിലും ജയിച്ച കരുണാകരൻ മാള നിലനിറുത്തുകയും നേമത്തെ കൈവിടുകയുമായിരുന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി.ജെ. തങ്കപ്പൻ വിജയിച്ചു. അവിടെ നിന്ന് തുടർച്ചയായി മൂന്ന് തവണ വിജയിച്ച അദ്ദേഹം 1996 വരെ മണ്ഡലം കൈയാളി.