
കോഴിക്കോട്: ഡൽഹിയിൽ നിന്ന് മഞ്ചേശ്വരത്തേക്ക് പറന്നിറങ്ങിയ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മാസ് എൻട്രി സംസ്ഥാന രാഷ്ട്രീയത്തിലാകെ ചർച്ചയായിരുന്നു. കോന്നിയിലും മഞ്ചേശ്വരത്തും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലേക്കും എത്തണമെങ്കിൽ സുരേന്ദ്രന് ഹെലികോപ്‌ടർ തന്നെ വേണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് ഹെലികോപ്‌ടർ ഉപയോഗിക്കുന്നതെന്നാണ് കോഴിക്കോട് നോർത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയും ബി ജെ പി നേതാവുമായ എം ടി രമേശ് പറയുന്നത്.
‘പൊതുവെ തിരഞ്ഞെടുപ്പിൽ ബി ജെ പി ഹെലികോപ്ടർ വാടകയ്‌ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങൾ വിമർശിച്ചത് ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടർ കേരളത്തിന് സ്വന്തമായെടുത്തതിനെ കുറിച്ചാണ്. സി പി എം ഹെലികോപ്ടർ വാടകയ്‌ക്കെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ ഞങ്ങൾ വിമർശിക്കാറില്ല. ഇത് ബി ജെ പി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലയ്ക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തിൽ ഒരു ടാക്‌സിയോ കാറോയെടുത്ത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടർ വാടകയ്‌ക്കെടുക്കുന്നത്.' എന്നായിരുന്നു എം ടി രമേശിന്റെ പ്രതികരണം.
തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും കെ സുരേന്ദ്രന്റെ സജീവ സാന്നിദ്ധ്യമുണ്ടാകുമെന്നും രണ്ടിടത്ത് സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുന്നത് പാർട്ടിയ്‌ക്ക് ഗുണം ചെയ്യുമെന്നും എം ടി രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ഹെലികോപ്‌ടർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അല്ലാതെ ഓടിയെത്താൻ കഴിയില്ലെന്നും കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.