
അന്താരാഷ്ട്ര പുരസ്ക്കാരമുൾപ്പെടെ ലഭിച്ച ചിത്രം ബിരിയാണി മാർച്ച് 26 ന് റിലീസാകുമ്പോൾ സംവിധായകൻ സജിൻ ബാബുവിന് പറയാനുള്ളത്...
റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാർഡ് ലഭിച്ചു ബിരിയാണിക്ക്.അതായിരുന്നു തുടക്കം. പിന്നിടങ്ങോട്ട് നിരവധി അവാർഡുകളാണ് സജിൻ ബാബു സംവിധാനം ചെയ്ത 'ബിരിയാണി" യെ തേടിയെത്തിയത്. ഒരു മുസ്ലിം പിന്നോക്ക കുടുംബത്തിന്റെയും അവിടെയുള്ള സ്ത്രീകളുടെയും കഥയാണ് ബിരിയാണി. ഒരു ഭക്ഷണ പദാർത്ഥം എന്നതിനപ്പുറം 'ബിരിയാണി" എന്ന ടൈറ്റിലിലൂടെ സജിൻ പറയാൻ ഉദ്ദേശിക്കുന്നത് വ്യക്തമായ രാഷ്ട്രീയമാണ്. ബിരിയാണി ഒരു സവിശേഷമായ ഭക്ഷണ പദാർത്ഥമാണെങ്കിലും ഈ ചിത്രത്തിലൂടെ അതൊരു പ്രതിരോധ ആയുധമായി മാറുന്നുണ്ട്. ബിരിയാണിക്ക് ഇതിനോടകം ലഭിച്ച അവാർഡുകളിൽ സജിൻ ബാബു സന്തോഷത്തിലാണ്.
അവാർഡുകളുടെ
ജൈത്രയാത്ര
റോമിൽ നടന്ന രാജ്യാന്തര ഫെസ്റ്റിവലിൽ ബിരിയാണിയുടെ പ്രീമിയർ നടത്തുകയും ഒപ്പം അവിടെ നിന്നുള്ള ഏഷ്യാറ്റിക്ക നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്തിരുന്നു. എന്റെയും ബിരിയാണിയുടെയും ആദ്യ അവാർഡായിരുന്നു അത്. പിന്നിട് ബംഗളൂരു രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലും ബിരിയാണിക്ക് അവാർഡ് ലഭിച്ചു. നേപ്പാൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , 19 മത് ടിബ്റോൺ (TIBURON ) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാലിഫോർണിയ, ടൗലസ് (TOULOUSE ) ഫിലിം ഫെസ്റ്റിവൽ ഫ്രാൻസ് ,ഇമാജിൻ (IMAGINE) ഫിലിം ഫെസ്റ്റിവൽ സ്പെയിൻ തുടങ്ങിയ ഫെസ്റ്റിവലുകളിൽ മത്സരവിഭാഗത്തിലേക്ക് ബിരിയാണി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നെ കേരളത്തിലെ ചില ഫെസ്റ്റിവലുകളിലും ബിരിയാണി പ്രദർശിപ്പിച്ചു.
രാഷ്ട്രീയം തെറ്റിദ്ധരിക്കാൻ
സാദ്ധ്യത
ഇതിന്റെ രാഷ്ട്രീയം സൂക്ഷ്മമായി കാണണം. ഇതൊരിക്കലും തെറ്റിദ്ധരിക്കരുത്. ഇത് മതം പറയുന്നതോ മതത്തെ വിമർശിക്കുന്നതോ ആയ ചിത്രമല്ല. ഒരു മുസ്ലിം കുടുംബത്തിൽ സംഭവിക്കുന്ന ഒരു കാര്യത്തെ അവിടുത്തെ സ്ത്രീകളുടെ കാഴ്ചപ്പാടിൽ പറയുന്ന ചിത്രമാണ് 'ബിരിയാണി". നിലവിൽ രാജ്യം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ വേറിട്ട രീതിയിൽ കാണിക്കാൻ ഞങ്ങൾ ബിരിയാണിയിലൂടെ ശ്രമിച്ചിട്ടുണ്ട്. തീവ്രവാദി സംഘടനയായ ഐസിസിന്റെ മറ്റൊരു മുഖവും ബിരിയാണിയിലൂടെ കാണാം. നമ്മൾ നിരന്തരമായി പത്രവാർത്തകളിൽ കാണുന്ന ഐസിസിന്റെ വർത്തകൾക്കപ്പുറം ഇങ്ങനെ മരണപ്പെടുന്ന അല്ലെങ്കിൽ പിടിക്കപ്പെടുന്നവരുടെ കുടുംബങ്ങളുടെ മാനസിക സംഘർഷങ്ങളെയാണ് ബിരിയാണിയിലൂടെ ഞാൻ പറയുന്നത്.

കനിയെ കണ്ട്
ഖദീജയെ എഴുതി
കനി കുസൃതി എന്ന നടിയുടെ അഭിനയ മികവ് തന്നെയാണ് ബിരിയാണിയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. കനി എന്റെ സുഹൃത്തൊന്നുമല്ല. പക്ഷേ ഞാൻ പണ്ടു മുതൽ ശ്രദ്ധിക്കാറുണ്ട് . ഖദീജയെ ഞാൻ എഴുതുമ്പോഴേ കനി എന്റെ മനസിലുണ്ട്. കനി അല്ലാതെ മറ്റാരു ചെയ്താലും ഖദീജയ്ക്ക് പൂർണത വരില്ല. ഖദീജയുടെ ഉമ്മയുടെ വേഷത്തിൽ എത്തിയ ജെ . ഷൈലജ തിയേറ്റർ ചെയ്യുന്ന സ്ത്രീയാണ്. അവരുടെ കഥാപാത്രത്തെ അവർ മനോഹരമാക്കിയിട്ടുണ്ട്. സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, തോന്നക്കൽ ജയചന്ദ്രൻ, ശ്യാം റെജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാർത്തിക് മുത്തുകുമാറും ഹരികൃഷ്ണൻ ലോഹിതദാസും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റർ. തിയേറ്റർ റിലീസിനായി ഒരുപാടുപേർ കാത്തിരിക്കുന്നുണ്ടെന്ന് അറിയാം. ബിരിയാണി ഇവിടെയും അംഗീക്കരിക്കപ്പെടുമെന്ന് വിശ്വാസമുണ്ട്. നിരവധി ഫെസ്റ്റിവലുകളിലും മത്സരവിഭാഗത്തിൽ തന്നെയാണ് ബിരിയാണി പ്രദർശിപ്പിക്കുന്നത്.
കച്ചവട സാദ്ധ്യത നോക്കാറില്ല
ഒരു സിനിമ ചെയ്യുമ്പോൾ കച്ചവട സാദ്ധ്യതയെ കുറിച്ച് ആലോചിക്കാറില്ല. എന്റെ ആദ്യത്തെ സിനിമ 'അസ്തമയം വരെ" മുതൽ 'ബിരിയാണി"വരെ കാണുന്നവർക്ക് അത് മനസിലാവും. ഞാൻ സിനിമയെ കച്ചവടമായിട്ടല്ല കാണുന്നത് പകരം കലാമൂല്യമുള്ള ഒരു മാദ്ധ്യമമായിട്ടാണ്. എന്റെ ആദ്യ സിനിമയ്ക്കായി നിർമാതാവിനെ കണ്ടുപിടിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ രണ്ടാമത്തെ ചിത്രം 'അയാൾ ശശി"ക്ക് നിർമാതാവിനെ കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്നവർ കലാമൂല്യമുള്ള ചിത്രങ്ങൾക്ക് വേണ്ടി ഒപ്പം നിൽക്കാറുണ്ട്.