
ജയ്‌പൂർ: ഭർത്താവിനും കുഞ്ഞിനും സഹോദരിയ്‌ക്കുമൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ തടഞ്ഞ് നിർത്തി ക്രൂര ബലാൽസംഗത്തിനിരയാക്കി.രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. ഭർത്താവിനു മുന്നിൽ വച്ചായിരുന്നു യുവതിയുടെ മുൻ ഭർത്താവിന്റെ സഹോദരനും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്.
വാഹനം തടഞ്ഞുനിർത്തി യുവതിയെയും ഭർത്താവിനെയും അടുത്ത വയലിലേക്ക് പിടിച്ചുകൊണ്ടുപോയി. ഭർത്താവിനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അഞ്ചുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. യുവതിയും സഹോദരിയും കുട്ടിയും റോഡിലൂടെ പോയ മറ്റ് യാത്രക്കാരോട് സഹായം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
തുടർന്ന് കേസെടുത്ത പൊലീസ് മൂന്ന് പ്രതികളെ പിടികൂടിയതായാണ് വിവരം.മറ്റ് പ്രതികളെ പിടികൂടാൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുണ്ടാകാത്തതിനാൽ മുൻ ഭർത്താവുമായി പിരിഞ്ഞ യുവതി പ്രാദേശിക വിവാഹ സമ്പ്രദായമനുസരിച്ച് പുതിയ ഭർത്താവുമൊത്ത് വിവാഹ ജീവിതം നയിക്കുകയായിരുന്നു. മുൻ ഭർത്താവുമായും അവരുടെ കുടുംബവുമായും യുവതിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു പീഡനം.