
കേരളത്തിൽ ബി.ജെ.പിയുടെ ഒരേയൊരു സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കും എന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ആയിരുന്നല്ലോ കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട ഒരു വാർത്ത. ഉമ്മൻചാണ്ടി, കെ. സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങി പല നേതാക്കളുടെയും പേര് പലവട്ടം പരിഗണനയിൽ വന്നതോടെ നേമം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ കുറിച്ച് വലിയ തോതിൽ വാർത്തകൾ നിറഞ്ഞു.
ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലം പിടിച്ചെടുക്കുന്നതുവഴി ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനേ സാധിക്കൂ എന്ന സന്ദേശം ദേശീയതലത്തിൽതന്നെ നൽകാനാണ് രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും പ്രമുഖനായ സ്ഥാനാർത്ഥി തന്നെ നിയമം മണ്ഡലത്തിൽ മത്സരിക്കണം എന്നതായിരുന്നു ഹൈക്കമാൻഡിന്റെ ആവശ്യം. നേമത്ത് മത്സരിക്കുന്ന സ്ഥാനാർഥി ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന രീതിയിൽ വരെ വാർത്തകൾ വന്നു. പ്രശസ്തനും പ്രഗത്ഭരുമായ ശക്തനായ സ്ഥാനാർത്ഥി തന്നെ നേമത്ത് മത്സരിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പറയുകയുണ്ടായി. അതോടെ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അണിനിരത്തുന്ന ഏറ്റവും ശക്തനായ സ്ഥാനാർത്ഥി എന്ന വിശേഷണം കൂടെ അറിഞ്ഞോ അറിയാതെയോ നേമത്തെ സ്ഥാനാർത്ഥിക്ക് ലഭിച്ചു.
ഏറെനാൾ നീണ്ട ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ഒടുവിൽ നേമത്ത് മത്സരിക്കാൻ നിയോഗം ലഭിച്ചത് നിലവിൽ വടകര എം.പിയായ കെ. മുരളീധരന് ആണ്. 2005ൽ ഡി.ഐ.സി (കെ) എന്ന പുതിയ പാർട്ടി രൂപീകരിച്ചു
കോൺഗ്രസ് വിട്ട് പുറത്തുപോവുകയും പിന്നീട് ഇരുമുന്നണികളിലുമിടം കിട്ടാതെ ആ പാർട്ടി പെരുവഴിയിലായി. മുരളി പിന്നീട് ശരത് പവാറിന്റെ എൻ.സി.പിയിൽ ചേക്കേറിയെങ്കിലും സംസ്ഥാനരാഷ്ട്രീയത്തിൽ മുരളിയ്ക്ക് വലിയ പ്രസക്തി ഉണ്ടായില്ല. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ കെ.പി.സി.സി പ്രസിഡന്റ് എന്ന നില വരെ എത്തിയിരുന്ന മുരളീധരനാണ് പെട്ടെന്ന് തകർച്ചയുടെ പടുകുഴിയിലേക്ക് വീണുപോയത്. മാതൃസംഘടനയിലേക്ക് തിരിച്ചുപോകാനും മുരളി ശ്രമിച്ചുകൊണ്ടിരുന്നു. ഒരു ഡിമാന്റും ഇല്ല, തനിക്ക് കോൺഗ്രസിൽ വെറും മൂന്ന് രൂപ മെമ്പർഷിപ്പ് മാത്രം തനിക്ക് മതി എന്ന് വിലപിച്ചിരുന്ന ഒരു കാലം.
ഒടുവിൽ എ.കെ. ആന്റണിയുടെയും അന്നത്തെ കോൺഗ്രസ്  നേതൃത്വത്തിന്റേയും സഹാനുഭൂതിയിൽ  മുരളീധരൻ കോൺഗ്രസിൽ തിരിച്ചെത്തി. അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ എത്താൻ വേണ്ടി മുരളീധരന് പിന്നെയും കാത്തിരിക്കേണ്ടിവന്നു അത്തരമൊരു അവസരമായിരുന്നു. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വം. ആ ടിക്കറ്റ് മുരളിയുടെ ജീവന്മരണപ്പോരാട്ടം ആയിരുന്നു. കോൺഗ്രസിന്റെ മൂന്നുരൂപ മെമ്പർ എന്ന നിലയിൽ നിന്നും വട്ടിയൂർകാവ് എം.എൽ.എ എന്ന രീതിയിലേക്ക്  ഉള്ള സ്ഥാനക്കയറ്റം മുരളീധരന് ലഭിച്ചു.
വെറും ഒരു എം.എൽ.എ ആയി ഒതുങ്ങുക അല്ല മുരളീധരന് വേണ്ടത്. ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി പോലെ പിണറായി വിജയന് ധർമ്മടം പോലെ, മുരളീധരന് വട്ടിയൂർക്കാവ് എന്ന രീതിയിൽ മാറ്റിയെടുക്കാൻ ആയിരുന്നു മുരളിയുടെ ശ്രമം. അതിൽ മുരളി വിജയിക്കുകയും ചെയ്തു. വട്ടിയൂർക്കാവ്  മണ്ഡലത്തെ സ്വന്തം കൈവെള്ളയിൽ വച്ച് മുരളീധരൻ പരിപാലിച്ചു. മണ്ഡലത്തിലെ  ചെറിയ ചെറിയ പരിപാടികളിൽ പോലും എം.എൽ.എ യുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

അപ്പോഴാണ് ലോക്സഭ തിരഞ്ഞെടുപ്പ് വരുന്നത്. വടകര മണ്ഡലം നിലനിർത്താൻ പി. ജയരാജനെ നേരിടാനും ശക്തനായ സ്ഥാനാർഥി വേണമെന്ന കണക്കുകൂട്ടലിൽ നിയോഗം ലഭിച്ചത് കെ. മുരളീധരന് ആയിരുന്നു. ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കുമെന്ന രീതിയിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി മുരളി വട്ടിയൂർക്കാവിൽ നിന്നും ലോകനാർകാവിലേക്ക് പോരാട്ടത്തിനായി പുറപ്പെട്ടു. ഫ്രം വട്ടിയൂർക്കാവ് ടു ലോകനാർകാവ് എന്ന പേരിൽ മുരളിയുടെ അങ്കപ്പുറപ്പാട് കേരളകൗമുദിയിൽ കാർട്ടൂൺ ആക്കുകയും ചെയ്തു. പി. ജയരാജനെ പരാജയപ്പെടുത്തി മുരളി വടകര എം.പി ആയി.
കേരളത്തിൽ 19 സീറ്റിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും കേന്ദ്രത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും അവകാശപ്പെടാൻ സാധിക്കാത്ത രീതിയിൽ കോൺഗ്രസ് തകർന്നടിഞ്ഞ കാഴ്ചയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ടത് കേരളത്തിലെ 19 യു.ഡി.എഫ് എം.പിമാർക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് താത്പര്യം പ്രകടിപ്പിച്ച് കേരളത്തിലേക്ക് മടങ്ങി വരാൻ പല എം.പിമാരും താത്പര്യം കാണിച്ചത് ഇതേ സമയത്താണ്. മുരളി അടക്കം പലരും ഇതേ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാൻഡ് വഴങ്ങിയില്ല  എം.പിമാർ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നതായിരുന്നു ഹൈക്കമാൻഡിന്റെ നിലപാട്. പക്ഷേ നിയമസഭാതിരഞ്ഞെടുപ്പ് വന്നപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. നേമത്ത് ഉമ്മൻചാണ്ടിയോ ചെന്നിത്തലയോ മത്സരിക്കണം എന്നതായിരുന്നു ആദ്യ നീക്കം. എന്നാൽ പുതുപ്പള്ളിയും ഹരിപ്പാടും വിട്ട് കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നേമത്തേക്ക് മാറുന്നതിലെ അപകടം ഉമ്മൻചാണ്ടിയും ചെന്നിത്തലയും തിരിച്ചറിഞ്ഞു. നേമത്ത് മത്സരിക്കാൻ ആര് എന്ന ചോദ്യം പിന്നീട് എത്തിയത് കെ. മുരളീധരനിൽ ആണ്. എം.പിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം മുരളിക്ക് വേണ്ടി മാറ്റാൻ കോൺഗ്രസ് തയ്യാറായി. നേമത്ത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനുള്ള നീ യോഗം മുരളിക്ക് ഹൈക്കമാൻഡ് നൽകി. മുരളീധരന്റെ ഈ ചാഞ്ചാട്ടവും കാർട്ടൂൺ ആയി വട്ടിയൂർക്കാവിൽ നിന്നും വടകരയിലേക്ക് വടകരയിൽനിന്ന് നേമത്തേക്കും ചാടുന്ന മുരളി ആയിരുന്നു കാർട്ടൂണിൽ.
മൂന്നു രൂപ മെമ്പർഷിപ്പ് നിന്നും കോൺഗ്രസ് അവതരിപ്പിക്കുന്ന ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ എന്ന വിശേഷണം അറിഞ്ഞോ അറിയാതെയോ വന്നുചേരുമ്പോൾ മുരളീധരന് ആഹ്ലാദിക്കാം. നേമം പിടിച്ചെടുത്താൽ കേരളത്തിൽ ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തതിന്റെ ഖ്യാതി ദേശീയതലത്തിൽ തന്നെ ലഭിക്കും. കോൺഗ്രസിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിസ്ഥാനത്തിന് വരെ അവകാശം ഉന്നയിക്കാൻ ആ ക്ലെയിം ധാരാളം മതിയാകും. ഭരണം ലഭിച്ചില്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാം. ഇനി നേമത്ത് മത്സരിച്ച് തോറ്റാലും ഒന്നും സംഭവിക്കാനില്ല. പാർട്ടിയ്ക്ക് വേണ്ടി ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറുള്ള അച്ചടക്കമുള്ള, ധീരനായി പാർട്ടി പ്രവർത്തകനായി അടുത്ത ബമ്പർ ലോട്ടറി അടിക്കുന്നതും കാത്ത് വടകര എം.പി ആയി തുടരാം.
(ടി.കെ. സുജിത്തിന്റെ
ഫോൺ: 9349320281)