
മുഖവുരയും മുഖമില്ലാത്ത വാക്കുകളും
മുന്നിൽ വാരി വലിച്ചിട്ട കടലാസുകൾക്കും നോട്ട് ബുക്കുകൾക്കും ഇടയിൽ നിന്ന് ഏറ്റവും പഴക്കം തോന്നിക്കുന്ന ഒരു ചെറുപുസ്തകം പ്രകാശൻ വലിച്ചെടുത്തു. കവർചിത്രങ്ങളൊന്നുമില്ലാത്ത പഴയ രീതിയിലുള്ള ഒരു പുസ്തകം. പച്ച കട്ടിക്കടലാസിൽ വള്ളിപുള്ളികൾ നിറഞ്ഞ ബോർഡറിന്റെ നടുവിലായി പുസ്തകത്തിന്റെ പേരും ഗ്രന്ഥകർത്താവിന്റെ പേരും. പ്രസാധകന്റെ പേരൊന്നുമില്ല. ഗ്രന്ഥകർത്താവ് തന്നെ അച്ചടിപ്പിച്ചിരിക്കുകയാണ്. പുസ്തകത്തിന്റെ പേരും പഴയ രീതിയിലുള്ളത് തന്നെ 'തകർന്ന ഹൃദയങ്ങൾ." ഏറ്റവും കൗതുകം ഗ്രന്ഥകർത്താവിന്റെ പേരാണ്. ആലിൻചുവട് ജി. ലക്ഷ്മണൻ. കളത്തിൽ ലക്ഷ്മണൻ പിറക്കുന്നത് പിൽക്കാലാണെന്ന് പ്രകാശന് മനസിലായി. പ്രകാശൻ പുസ്തകം തുറന്നു. അതൊരു നോവലായിരുന്നു.യുക്തിവാദഗ്രന്ഥങ്ങളുടെ കർത്താവായി അറിയപ്പെടുന്ന ലക്ഷ്മണൻ നോവലിലാണ് തുടക്കം കുറിച്ചതെന്ന് പ്രകാശൻ കേട്ടിരുന്നു. എന്നാൽ ഒരിക്കലും ഒരു നോവലിസ്റ്റ് എന്ന നിലയിൽ ലക്ഷ്മണൻ പരാമർശിക്കപ്പെട്ടിട്ടില്ല.കൗതുകം തോന്നിയ പ്രകാശൻ പുസ്തകത്തിന്റെ മുഖവുരയിലേക്കു കടന്നു.
മുഖവുര
ചക്രവാളസീമകൾ വരെ പറന്നുല്ലസിക്കുന്ന അസാധാരണ പക്ഷിവൃന്ദത്തിനിടയിലേക്ക് സാധാരണയിലും സാധാരണനായ ഒരു പക്ഷി ചിറകു വിരുത്തി വരികയാണ്. പരിഹസിക്കപ്പെടുമെന്നറിയാതെയല്ല. തോല്പിക്കപ്പെടുമെന്നറിയാതെയല്ല. പത്തുമീറ്റർ പൊങ്ങുമ്പോഴേക്ക് ഈ ചിറകുകൾ തളർന്ന് ഞാൻ പിടഞ്ഞുവീഴാം. കുറച്ചുകൂടി ഉയരത്തിലേക്ക് പറന്നാൽ ഏതെങ്കിലുമൊരു പക്ഷി എന്നെ കൊത്തി താഴെയിട്ടു എന്ന് വരാം. പരാജയങ്ങളെ നേരിടാൻ സജ്ജനായിട്ടു തന്നെയാണ് ഞാൻ പറക്കുവാൻ നിശ്ചയിച്ചത്.
പ്രിയപ്പെട്ട വായനക്കാരേ , ' തകർന്ന ഹൃദയങ്ങൾ" എന്ന ചെറിയൊരു നോവലുമായി അനാഥനായ ഈ എഴുത്തുകാരൻ സാഹിത്യലോകത്തേക്കു കടന്നുവരികയാണ്. ഇതൊരു നോവലാണോ?എനിക്കറിയില്ല. ഒന്നെനിക്കറിയാം. ഈ നോവലിന്റെ താളുകളിൽ നിങ്ങൾ കാണുന്നത് ഒരു യാഥാർത്ഥജീവിതമാണ്. ചോര ഇറ്റിറ്റുവീഴുന്ന ഒരു ജീവിതം. അനുനിമിഷം മിടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയം. ഇതിൽ കഥയില്ലെന്ന് നിങ്ങൾക്ക് പറയാം. ഇതിൽ കലയില്ലെന്ന് നിങ്ങൾക്ക് പറയാം.എന്നാൽ, ഇതിൽ ജീവിതമില്ലെന്ന് നിങ്ങൾക്ക് പറയാനാവില്ല. അഥവാ, ഈ എഴുത്തുകാരന്റെ ജഡത്തിനുമേൽ കയറിനിന്നുമാത്രമേ നിങ്ങൾക്കങ്ങനെ പറയാനാവൂ.
പ്രിയമുള്ള വായനക്കാരാ, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരാളല്ല ഞാൻ. ഒരു യാഥാസ്ഥിതിക കുടുംബത്തിലാണെന്റെ ജനനം. കഠിനമായ ചിട്ടവട്ടങ്ങൾക്കിടയിൽ ഞാൻ വളർന്നു. കൂട്ടുകാരിൽ നിന്നും വാരികകൾ കടം വാങ്ങി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഞാൻ വായിച്ചു.ഗ്രന്ഥശാലക്കാരന്റെ കാല് പിടിച്ചു പുസ്തകങ്ങളെടുത്തു. ഞാനവ വായിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛൻ പിടിച്ചു വാങ്ങും. വിളക്കിലെ തിരിക്ക് ഭക്ഷണമായി അവ നിവേദിക്കും. അല്ലെങ്കിൽ,കീറിക്കീറി നൂറു കഷണങ്ങളാക്കും. എന്റെ വേദന നിങ്ങൾക്കൂഹിക്കാനാവുമോ? രണ്ടു വേദനകളാണെനിക്ക്. ഒന്ന്, മനസിൽ ആഗ്രഹിച്ചുപോയ ആ പുസ്തകം വായിച്ചുതീർക്കാനാവുന്നില്ല. രണ്ട് , പുസ്തകം നഷ്ടപ്പെടുമ്പോൾ ഗ്രന്ഥശാലക്കാർക്കു കൊടുക്കേണ്ട നഷ്ടപരിഹാരം.
അപ്പോൾ നിങ്ങൾക്കൊരു സംശയം തോന്നാം. എന്റെ അച്ഛൻ പുസ്തകങ്ങൾ വായിക്കാറില്ലേ എന്ന്. എന്റെ വീട്ടിൽ പുസ്തകങ്ങളില്ലേ എന്ന്. ശരിയാണ്. വീട്ടിൽ പുസ്തകങ്ങളുണ്ടായിരുന്നു. രാമായണവും ഭാരതവും ഭാഗവതവും നാരായണീയവുമൊക്കെയുണ്ടായിരുന്നു. അച്ഛൻ അവ മാത്രമേ വായിച്ചിരുന്നുള്ളൂ. മക്കൾ അതൊക്കെയേ വായിക്കാവൂ എന്നായിരുന്നു അച്ഛന്റെ നിർബന്ധം. അതാണ് എനിക്ക് അനുസരിക്കാൻ കഴിയാതെ വന്നത്.
മുഖവുര ഇത്രയുമായപ്പോൾ പ്രകാശൻ വായന നിർത്തി. അയാൾ ഒരു ആശയക്കുഴപ്പത്തിലകപ്പെട്ടുപോയിരുന്നു. കാരണം, ലക്ഷ്മണന്റെ അച്ഛനെപ്പറ്റി ഇങ്ങനെയൊരു കർക്കശക്കാരനെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല.
പ്രകാശൻ ആ കടലാസുകൂട്ടത്തിൽ പരതി. ലക്ഷ്മണന്റെ മരണത്തെത്തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഓർമ്മക്കുറിപ്പുകൾക്കുവേണ്ടിയാണ് അയാൾ പരതിയത്. ' കേരളചന്ദ്രിക"യിൽ പ്രമുഖ യുക്തിവാദി മലയിൻകീഴ് പ്രഭാകരൻ എഴുതിയ ഓർമ്മക്കുറിപ്പ് അയാളുടെ കൈയിൽ തടഞ്ഞു. ആകാംക്ഷയോടെ അയാളത് വായിച്ചു.
അന്ധവിശ്വാസത്തിന്റെ ആലയത്തിൽ യുക്തിയുടെ വെളിച്ചം നമ്മുടെ പ്രമുഖരായ പല യുക്തിവാദികളെയും പോലെ വിപ്ലവത്തിന്റെയും യുക്തിചിന്തയുടെയും പാരമ്പര്യം കളത്തിൽ ലക്ഷ്മണനുണ്ടായിരുന്നില്ല.ഭക്തിയുടെയും അന്ധവിശ്വാസത്തിന്റെയും ഒരു കൂടാരത്തിൽ നിന്നാണ് അദ്ദേഹം യുക്തിചിന്തയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. അതിന് വ്യക്തിജീവിതത്തിൽ അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്.
ബാലനായ ലക്ഷ്മണൻ അച്ഛന്റെ ശാസനകളെ സധൈര്യം നേരിട്ടുവെന്ന വസ്തുത എല്ലാവർക്കുമറിയാം. ഒരു ഭക്തനും അന്ധവിശ്വാസിയുമായിരുന്നു അച്ഛൻ. എന്നും അദ്ദേഹം തീർത്ഥാടനങ്ങളിലായിരുന്നു. വീട്ടിൽ ഭാര്യയും മക്കളും എങ്ങനെ ജീവിക്കുന്നുവെന്ന് അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല.അതിനാൽ, കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ് അദ്ദേഹത്തിന് ബാല്യം ചെലവിടേണ്ടിവന്നത്. എല്ലാ കാര്യങ്ങളിലും അച്ഛനെ അന്ധമായി പിന്തുടരുന്ന ഒരു ജ്യേഷ്ഠസഹോദരൻ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ സ്വന്തം വീട്ടിൽ തന്നെ ഒറ്റപ്പെട്ടുജീവിക്കേണ്ടിവന്നു ലക്ഷ്മണന് .
വളരെ രസകരമായ ഒരു വസ്തുതയുണ്ട്. അത് ലക്ഷ്മണന്റെ പേരിനെക്കുറിച്ചുള്ളതാണ്. രാമായണത്തോടും ഭാരതത്തോടുമുള്ള അച്ഛന്റെ അന്ധമായ ആരാധനയിൽ നിന്നാണ് ലക്ഷ്മണന് ലക്ഷ്മണൻ എന്ന പേര് ലഭിക്കുന്നത്. അച്ഛൻ തന്റെ രണ്ടു മക്കൾക്ക് പേരിട്ടത് രാമനെന്നും ലക്ഷ്മണനെന്നുമാണ്. ജ്യേഷ്ഠൻ രാമൻ അച്ഛന്റെ കാലടിപ്പാടുകൾ പിന്തുടർന്ന് ശരിക്കും രാമനാവാൻ ശ്രമിച്ചപ്പോൾ ലക്ഷ്മണന് തന്റെ പേര് ഒരു ഭാരമായിരുന്നു. മുതിർന്നപ്പോൾ തന്റെ സഹപ്രവർത്തകരുടെ പ്രേരണ കൊണ്ട് പേര് മാറ്റാൻ അദ്ദേഹം. ശ്രമിക്കാതിരുന്നില്ല. കളത്തിൽ ഗുവേര എന്ന പേരിലാണ് ഒരു രണ്ടുവർഷത്തോളം അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാൽ, ഈ ഗുവേര ആരാണെന്നു പലരും ചോദിക്കുമ്പോൾ അത് ലക്ഷ്മണനാണെന്നു പറയുന്നത് അദ്ദേഹത്തിന് അസുഖകരമായി അനുഭവപ്പെട്ടിരുന്നു. കൂനിന്മേൽ കുരു പോലെ ഈ ഘട്ടത്തിൽ മറ്റൊരു സംഭവമുണ്ടായി. ലക്ഷ്മണൻ നേതൃത്വം കൊടുത്തിരുന്ന യുക്തിവാദികളും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ വലിയ ചില തർക്കങ്ങളുണ്ടായി.അക്കാലത്ത് ഒരു കമ്മ്യൂണിസ്റ്റ് എഴുത്തുകാരൻ ചെ ഗുവേര എന്ന വിപ്ലവകാരിയുടെ പേര് സ്വന്തം പേരാക്കിയ ലക്ഷ്മണൻ കളത്തിൽ എന്ന വീട്ടുപേര് അതിനോട് ചേർക്കുകവഴി മഹാനായ ആ വിപ്ലവകാരിയെ അപമാനിക്കുകയാണെന്നു പറഞ്ഞു.കളത്തിൽ ഗുവേര എന്ന പേര് അതുപയോഗിക്കുന്ന ആൾ എത്ര വലിയ മൂരാച്ചിയാണെന്നു തെളിയിക്കുന്നുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.പൊതുവെ സ്വന്തം പേരുപരിഷ്കരണത്തിൽ അത്ര സന്തുഷ്ടനല്ലാതിരുന്ന ലക്ഷ്മണൻ ഈ സംഭവത്തോടെ ' മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീയായി"എന്ന് പറയുംപോലെ വീണ്ടും കളത്തിൽ ലക്ഷ്മണനായി മാറി.
അച്ഛനിൽ നിന്നും തനിക്കുണ്ടായ അനുഭവങ്ങൾ ലക്ഷ്മണനെ ഒരു റിബലായി മാറ്റി. അദ്ദേഹത്തിന്റെ പിതാവ് എത്രമാത്രം പ്രയോഗികജീവിതത്തിൽ പരാജയമായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു സംഭവമുണ്ട്.രണ്ട് ആൺമക്കളെ പോറ്റിവളർത്താൻ കഴിയാതിരുന്ന ഈ പിതാവ് ഒരിക്കൽ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചിരുന്നു. ലക്ഷ്മണന്റെ പ്രായോഗികമതിയായ അമ്മയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് അത് നടക്കാതെ പോയത്. കൗതുകകരമായ ഒരു കാര്യം ഈ പെൺകുട്ടി പിതാവിന്റെ സ്വന്തം കുട്ടി തന്നെയായിരുന്നുവെന്ന് അന്ന് ചിലർ വിശ്വസിച്ചിരുന്നു. അങ്ങനെയാണെങ്കി ൽ, പരമഭക്തനും ശുദ്ധഗതിക്കാരനുമെന്ന് പലരും കരുതിയിരുന്ന ആ മനുഷ്യൻ ഒരു കാപട്യക്കാരനെന്നു പറയേണ്ടിവരും. വായന ഈ ഘട്ടത്തിലെത്തിയപ്പോൾ പ്രകാശൻ നിർത്തി.എന്തൊക്കെയോ ചിന്തകളിൽ അയാൾ ഇടറിവീണു.
(തുടരും)