veena

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ് നായർ യു ഡി എഫ് സ്ഥാനാർത്ഥിയാകും. പട്ടാമ്പിയിൽ കെ എസ് ബി എ തങ്ങളും നിലമ്പൂരിൽ വി വി പ്രകാശും സ്ഥാനാർത്ഥിയാകും.ധർമ്മടം ഉൾപ്പടെ ആറ് സീറ്റുകളിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചിത്രം വ്യക്തമാകേണ്ടത്. ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം പുറത്തുവിടാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

പല മണ്ഡലങ്ങളിലും ഒറ്റ പേരിലേയ്ക്ക് എത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. ജ്യോതി വിജയകുമാറും പി സി വിഷ്‌ണുനാഥും അടക്കം പല പേരുകളും ഇവിടെ ഉയർന്നെങ്കിലും ഒടുവിൽ വീണയുടെ പേരിലേക്ക് നേതൃത്വം എത്തിച്ചേരുകയായിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ വനിത പ്രാതിനിധ്യം കുറഞ്ഞുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാന മണ്ഡലങ്ങളിൽ ഒന്നിൽ വീണയെ പരിഗണിച്ചതെന്നാണ് സൂചന.

മണ്ഡലത്തിന് പുറത്തു നിന്നൊരാൾ വരുന്നതിനെതിരെ പ്രദേശിക നേതൃത്വം ശക്തമായി നിലകൊണ്ടതും വീണയ്‌ക്ക് കാര്യങ്ങൾ അനുകൂലമാക്കി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ശാസ്‌തമംഗലം വാർഡിൽ മത്സരിച്ച വീണ അന്ന് പരാജയപ്പെട്ടിരുന്നു.