balasankar

ആലപ്പുഴ: ബിജെപി കേരളഘടകത്തിന് നേരെ രൂക്ഷ വിമർ‌ശനവുമായി മുതിർന്ന ആർ.എസ്.എസ് നേതാവ് ആ‌ർ.ബാലശങ്കർ. ബിജെപി സംസ്ഥാന നേതൃത്വം കൈക്കൊള‌ളുന്ന വികലമായ കാഴ്‌ചപ്പാട് കാരണം ഈ നേതൃത്വവുമായി മുന്നോട്ട് പോയാൽ അടുത്ത മുപ്പത് കൊല്ലത്തേക്ക് ബിജെപിയ്‌ക്ക് ഒരു വിജയ സാദ്ധ്യതയും സംസ്ഥാനത്തില്ലെന്നും ബാലശങ്കർ തുറന്നടിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലശങ്കറിന്റെ ഈ പ്രതികരണം. ചെങ്ങന്നൂർ മണ്ഡലത്തിൽ പരിഗണിച്ചിരുന്ന സ്ഥാനാർത്ഥിയായിരുന്നു ബാലശങ്കർ. ബിജെപി ആലപ്പുഴ ജില്ല അദ്ധ്യക്ഷൻ എം.വി ഗോപകുമാറിനെയാണ് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

സി.പി.എമ്മുമായുള‌ള ഡീലിന്റെ ഭാഗമായാണ് തന്നെ ഒഴിവാക്കിയത്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും ക്രിസ്‌ത്യൻ മത വിഭാഗങ്ങളും തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ അറിയിച്ചിരുന്നതായും ജയസാദ്ധ്യതയുണ്ടായിരുന്ന മണ്ഡലമായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കർ പറഞ്ഞു. ബിജെപി നേതാക്കൾക്ക് പരിശീലനം നൽകുന്ന വിഭാഗത്തിന്റെ സഹ കൺവീനറാണ് ആർ.ബാലശങ്കർ.

ബിജെപിയെ മണ്ഡലത്തിൽ എൻ.എസ്.എസ് പിന്തുണയ്‌ക്കുന്നില്ലെങ്കിലും തന്നെ പിന്തുണയ്‌ക്കാമെന്ന് അറിയിച്ചിരുന്നു. തന്റെ ജന്മനാടാണ് ചെങ്ങന്നൂർ‌. ഇവിടെ മുപ്പതിനായിരത്തോളം വോട്ടുകൾ ബിജെപിയ്‌ക്കുണ്ട്. മ‌റ്റ് വിഭാഗത്തിന്റെ വോട്ട് ലഭിക്കുമ്പോൾ വിജയസാദ്ധ്യത ഉണ്ടാകും. ഈ സാദ്ധ്യതയാണ് ഇപ്പോൾ കളഞ്ഞത്.

സിപിഎമ്മും ബിജെപിയുമായി ഒരു ഡീൽ ഇതിനു പിന്നിലുണ്ടാകാമെന്നും ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിനെ ജയിപ്പിച്ചാൽ കോന്നിയിൽ പകരം വിജയിപ്പിക്കാമെന്നതാകാം ഈ ഡീലെന്ന് ബാലശങ്കർ ആരോപിച്ചു. രണ്ട് എ പ്ളസ് മണ്ഡലങ്ങളിലെ വിജയസാദ്ധ്യത കളഞ്ഞുകുളിച്ചു. കോന്നിയിൽ മൂന്നാം സ്ഥാനത്ത് വന്നയാൾ എന്തിന് അവിടെയും മഞ്ചേശ്വരത്തും മത്സരിക്കുന്നെന്നും,​ മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്രയെ വിമർശിച്ച ആൾ എന്തിന് ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുത്തു. ജനകീയനായ നേതാവല്ല മത്സരിച്ച എല്ലായിടത്തും തോ‌റ്റയാളാണ്. നരേന്ദ്രമോദിയൊന്നുമല്ലല്ലോ ഈ മത്സരിക്കുന്നത് ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി നിൽക്കുന്ന നേതൃത്വമാണെന്നും ബാലശങ്കർ പറഞ്ഞു. ഒരു സീ‌റ്റിൽ പോലും ബിജെപി വിജയിക്കരുതെന്ന് നിർബന്ധബുദ്ധിയാണിവർക്കെന്നും ബാലശങ്കർ ആരോപിച്ചു.

തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അമിത്‌ഷായ്‌ക്കും പ്രധാനമന്ത്രിക്കും അറിവുണ്ടായിരുന്നെന്നും താൻ കേരളത്തിൽ നിന്ന് ജയിക്കുന്നത് തടയണമെന്ന താൽപര്യമാണ് സംസ്ഥാന നേതൃത്വത്തിനെന്നും ബാലശങ്കർ പറഞ്ഞു. ഒരു ഫ്രഷ് എയർ അല്ലെങ്കിൽ ന്യൂ തിങ്കിംഗ് ഉണ്ടായാലേ ബിജെപി സംസ്ഥാനത്ത് വളരാനാകൂവെന്ന് ബാലശങ്കർ അറിയിച്ചു.

ജോസ്.കെ മാണിയുമായി നല്ല ബന്ധമാണുള‌ളത്. ബി.ജെ.പിയുടെ ഭാഗമാകാൻ അദ്ദേഹം തയ്യാറായിരുന്നു എന്നാൽ മന്ത്രിസ്ഥാനത്തിനും തങ്ങളുടെ പദവികളും നഷ്‌ടമാകുമെന്ന് ഭയന്നാണ് ചിലർ കേരളകോൺഗ്രസിനെ മുന്നണിയിലെടുക്കാത്തത്. വളരെ ആദർശാത്മകമായ ഫോർമാ‌റ്റാണ് കേരളത്തിലെ രാഷ്‌ട്രീയ രൂപഘടന. മുഖ്യമന്ത്രി ഹെലികോ‌പ്‌റ്ററിൽ പോകുന്നത് പോലും ഇഷ്‌ടമാകാത്ത മനസ്. അവിടെ കയറാനായാലേ സംസ്ഥാനത്ത് ബിജെപിക്ക് വളരാനാകൂവെന്നും ആർ.ബാലശങ്കർ അഭിപ്രായപ്പെട്ടു.