
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭയിൽ ടി-ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് എം.എൽ.എ വിമൽ ചുഡാസമയെ പുറത്താക്കി സ്പീക്കർ രാജേന്ദ്ര ത്രിവേദി. സഭയുടെ അന്തസിന് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് പറഞ്ഞാണിത്.
നിയമസഭാംഗങ്ങൾ വസ്ത്രധാരണത്തിൽ മാന്യത പുലർത്തണമെന്നും സഭയിൽ ടിഷർട്ട് പോലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്നത് ഒഴിവാക്കണമെന്നും ഊന്നിപ്പറഞ്ഞ സ്പീക്കറുടെ തീരുമാനത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.
ഒരാഴ്ച മുമ്പ് വിമൽ ചൂഡാസമയോട് സഭയിൽ ടി ഷർട്ട് ധരിക്കരുതെന്നും ഷർട്ടോ കുർത്തയോ ബ്ലെയ്സറോ ധരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. ആ നിർദ്ദേശം ലംഘിച്ചതിനെ തുടർന്നാണ് എം.എൽ.എയെ പുറത്താക്കിയത്.
ടിഷർട്ട് ധരിക്കുന്നതിൽ അപാകതയില്ലെന്നും അതേ വസ്ത്രം ധരിച്ചാണ് താൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വിജയിച്ചതെന്നും വിമൽ ചൂഡാസമ പറഞ്ഞു. തന്റെ വോട്ടർമാർ ടിഷർട്ട് കൂടി മുഖവിലയ്ക്കെടുത്തിരുന്നതായും സ്പീക്കർ തന്റെ വോട്ടർമാരെ അപമാനിക്കുകയാണെന്നും ചൂഡാസമ കൂട്ടിച്ചേർത്തു.
വോട്ടർമാരെ ഏതു രീതിയിലാണ് സമീപിച്ചതെന്ന് തനിക്കറിയേണ്ടെന്നും എം.എൽ.എ ആയതുകൊണ്ട് ഏതു വസ്ത്രം ധരിച്ചും സഭയിലെത്താമെന്നുള്ള ധാരണ തെറ്റാണെന്നും സഭ ഒരു കളിക്കളമല്ലെന്നും അവിടെ ചില മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതുണ്ടെന്നും ത്രിവേദി പറഞ്ഞു. തുടർന്ന് എം.എൽ.എയോട് സഭയിൽ നിന്ന് പുറത്തുപോകാൻ സ്പീക്കർ ആവശ്യപ്പെടുകയായിരുന്നു. സ്പീക്കറുമായി വാഗ്വാദം നടത്തിയ ചൂഡാസമയെ മൂന്ന് ദിവസത്തേക്ക് സഭാനടപടികളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി മന്ത്രി പ്രദീപ് സിംഗ് ജഡേജ ആവശ്യപ്പെട്ടു.
എന്നാൽ മുഖ്യമന്ത്രി വിജയ് രൂപാണി ആ നിർദ്ദേശം തള്ളിക്കളയുകയും വിമൽ ചൂഡാസമയെ വസ്ത്രധാരണം സംബന്ധിച്ച് കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ കോൺഗ്രസ് എം.എൽ.എമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
എം.എൽ.എമാരുടെ വസ്ത്രധാരണരീതിയെ കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാൻ എം.എൽ.എമാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസ് എം.എൽ.എമാർ പ്രതികരിച്ചു.