merkel-

ബർലിൻ : ജർമ്മനിയിൽ രണ്ടു സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിക്കു തിരിച്ചടി. ഈ വർഷം സെപ്റ്റംബറിൽ ഫെഡറൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ വളരെ നിർണായകമായ തെരഞ്ഞെടുപ്പായിരുന്നു ഇത്. തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ ബാഡൻ ജൂർത്തംബെർഗ്,​ റൈൻലന്റ് പലേറ്റിനേറ്റ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാഡൻ ജൂർത്തംബെർഗിൽ ഗ്രീൻസ് പാർട്ടി 31.4 % വോട്ട് നേടിയപ്പോൾ മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് 23.4% വോട്ടാണു ലഭിച്ചത്. സമീപത്തെ റൈൻലന്റ് പലേറ്റിനേറ്റിൽ 35.5% വോട്ടോടെ ഇടതു പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സിനാണു ഭൂരിപക്ഷം. ഇവിടെ 26.9% വോട്ടാണു മെർക്കലിന്റെ പാർട്ടി നേടിയത്. ഇരു സംസ്ഥാനങ്ങളിലും മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനായിരുന്നു സ്വാധീനം. 16 വർഷത്തിനുശേഷം ചാൻസലർ സ്ഥാനവും പാർട്ടി നേതൃസ്ഥാനവും മെർക്കൽ ഒഴിയാനിരിക്കെയാണ് പാർട്ടി തിരിച്ചടി നേരിടുന്നത്. രണ്ടു സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ കൂട്ടുകക്ഷി ഭരണത്തിനാണ് സാദ്ധ്യത. വാക്സീനേഷൻ നടപടികളിലെ ക്രമക്കേടും കൊവിഡ് നിയന്ത്രിക്കുന്നതിലെ പിടിപ്പുകേടുമാണ് മേർക്കലിന് തിരിച്ചടിയായതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.