
യങ്കൂൺ : മ്യാൻമറിൽ ചൈനീസ് ഫാക്ടറികൾക്ക് നേരേ പ്രക്ഷോഭകാരികൾ അക്രമം നടത്തിയതിന് പിന്നാലെയുണ്ടായ വെടിവെയ്പ്പിന് ശേഷം നിയമങ്ങൾ കൂടുതൽ ശക്തമാക്കി മ്യാൻമർ സൈനിക ഭരണകൂടം. യങ്കൂണിലെ പ്രക്ഷോഭകാരികളുടെ ശക്തി കേന്ദ്രമായ 6 മേഖലകളിൽ സൈനിക നിയമം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്ന പ്രക്ഷോഭങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ. നോർത്ത് ഡാഗോൺ, സൗത്ത് ഡാഗോൺ, ഡാഗോൺ സിക്കാൻ, സൗത്ത് ഒക്കാല പാ, ഫ്ലിങ്‌തയ യാർ, ശ്വേപിത എന്നിവിടങ്ങളിലാണ് സൈനിക നിയമം നടപ്പിലാക്കുന്നത്. ഇതുവരെയുണ്ടായ സൈനിക നടപടികളിൽ 150 ഓളം പേർ മരണമടഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. പ്രശ്ന ബാധിത മേഖലകളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.