ഡി.എഫ്.ഐ ബില്ലിന് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം
ന്യൂഡൽഹി: അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പണം ഉറപ്പാക്കാനായി കേരളം ആവിഷ്‌കരിച്ച 'കിഫ്‌ബി" മോഡൽ വികസന ഫണ്ടുമായി കേന്ദ്രസർക്കാരും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഡെവലപ്‌മെന്റ് ഫിനാൻഷ്യൽ ഇൻസ്‌റ്റിറ്റ്യൂഷൻ (ഡി.എഫ്.ഐ) രൂപീകരിക്കുന്നത് സംബന്ധിച്ച ബില്ലിന് കേന്ദ്ര കാബിനറ്റ് അനുമതി നൽകി.
ദീർഘകാല വികസനപദ്ധതികൾക്ക് പണം അനുവദിച്ച് 'റിസ്‌ക്" എടുക്കാൻ ബാങ്കുകൾ തയ്യാറാകാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത്തരം പദ്ധതികൾക്ക് പണം സമാഹരിക്കാൻ ഡി.എഫ്.ഐക്ക് കഴിയും. പ്രൊഫഷണലായ ഡയറക്‌ടർ ബോർഡ് ഡി.എഫ്.ഐക്കുണ്ടാകും; ഇതിൽ 50 ശതമാനം പേർ നോൺ-ഒഫീഷ്യൽ ഡയറക്‌ടർമാർ ആയിരിക്കും. 20,000 കോടി രൂപയുടെ പ്രാഥമിക മൂലധനവുമായാണ് ഡി.എഫ്.ഐ പ്രവർത്തനം തുടങ്ങുക.
മൂന്നുവർഷത്തിനകം കുറഞ്ഞത് അഞ്ചുലക്ഷം കോടി രൂപ ഡി.എഫ്.ഐ വഴി വികസനപദ്ധതികൾക്കായി നൽകാനാണ് ഉന്നമിടുന്നത്. ചുരുങ്ങിയ വർഷത്തിനകം തന്നെ മൂന്നുലക്ഷം കോടി രൂപ സമാഹരിക്കാൻ ഡി.എഫ്.ഐക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തുടക്കത്തിൽ കേന്ദ്രസർക്കാരിന്റെ 100 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് ഡി.എഫ്.ഐ പ്രവർത്തിക്കുക. പിന്നീട്, ഘട്ടംഘട്ടമായി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും. ഡി.എഫ്.ഐക്ക് പത്തുവർഷത്തേക്ക് ചില നികുതിയിളവുകൾ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
111 ലക്ഷം കോടി
കേന്ദ്രസർക്കാർ 2020-25 കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത് 111 ലക്ഷം കോടി രൂപയുടെ വികസനപദ്ധതികളാണ്. ഇതിനായി, നാഷണൽ ഇൻഫ്രാസ്‌ട്രക്‌ചർ പൈപ്പ്‌ലൈൻ (എൻ.ഐ.പി) മുഖേന 7,000 പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്.
കിഫ്‌ബിയുടെ കോപ്പി!
അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ബഡ്‌ജറ്റിന് പുറത്ത് പണം സമാഹരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചതാണ് കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്‌ബി. കിഫ്‌ബി ഭരണഘടനാവിരുദ്ധമാണെന്നും സുതാര്യമല്ലെന്നും പറഞ്ഞവർ തന്നെ ഇപ്പോൾ അതിനെ കോപ്പിയടിച്ചിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റിൽ ഡി.എഫ്.ഐ രൂപീകരണം പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു.