
മാങ്കിന് 10 നോമിനേഷനുകൾ
വൈറ്റ് ടൈഗറിന് അവലംബിത തിരക്കഥയ്ക്ക് നോമിനേഷൻ
ചാഡ് വിക് ബോസ്മാന് മികച്ച നടനുള്ള നോമിനേഷൻ
അവാർഡ് പ്രഖ്യാപനം ഏപ്രിൽ 26 ന്
ലോകം കാത്തിരിക്കുന്ന 93ാം ഓസ്കർ പുരസ്കാര നാമനിർദ്ദേശ പട്ടിക പുറത്തുവിട്ടപ്പോൾ പത്തു നോമിനേഷനുകളുമായി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ചിത്രം മാങ്ക് തിളങ്ങി. മികച്ച നടൻ, മികച്ച സംവിധായകൻ ഉൾപ്പെടെയാണ് പത്തോളം നോമിനേഷൻ മാങ്കിനെ തേടിയെത്തിയിരിക്കുന്നത്. ലോക സിനിമാസ്വാദകർ മാങ്കിനെ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും ചേർന്ന് ഓസ്കർ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചത്.
ബോളിവുഡ് ഹോളിവുഡ് പവർ ദമ്പതികളായ പ്രിയങ്കയും നിക് ജോനാസും ചേർന്ന് 23 കാറ്റഗറിയിലുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച നടി ,നടൻ, കോസ്റ്റ്യൂം ഡിസൈൻ, മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം, മികച്ച അവലംബിത തിരക്കഥ , ബെസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ലേ എന്നീ അവാർഡുകളിലേക്കുള്ള നാമനിർദേശങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച അവലംബിത തിരക്കഥ വിഭാഗത്തിൽ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത താരത്തെ കൂടുതൽ സന്തോഷവതിയാക്കി. ഇത് അഭിമാന നിമിഷമെന്ന് നോമിനേഷൻ പ്രഖ്യാപനത്തിൽ പ്രിയങ്ക പറഞ്ഞു.
പത്തു നോമിനേഷനുകൾ ലഭിച്ച മാങ്കിനും തൊട്ടുപിന്നാലെ ഫാദർ , ജൂദാസ് ആൻഡ് ബ്ലാക്ക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ , ദി ട്രയൽ തുടങ്ങിയ സിനിമകളും ആറ് നോമിനേഷനുകളുമായി പിന്നിലുണ്ട്.തിയേറ്റർ റിലീസില്ലാത്ത കഴിഞ്ഞ വർഷം ഒ ടി ടി റിലീസിനെത്തിയ സിനിമകളും ഓസ്കറിൽ പരിഗണിക്കാമെന്ന് അക്കാഡമി ജൂറി അറിയിക്കുകയായിരുന്നു. 366 ചിത്രങ്ങളായിരുന്നു ആദ്യഘട്ടത്തിൽ തിരഞ്ഞടുക്കപ്പെട്ട സിനിമകൾ. അതിൽ സുധ കൊങ്ങര സംവിധാനം ചെയ്ത സുരറൈ പോട്രു ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ചിത്രം തള്ളുകയായിരുന്നു.
മാ റെയിനിയുടെ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ചാഡ് വിക് ബോസ്മാൻ മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ വർഷത്തെ ഗ്ലോബൽ ഗ്ലോബ് പുരസ്കാരം ചാഡ് വികിനായിരുന്നു. കാൻസർ ബാധിച്ച് കഴിഞ്ഞ വർഷം മരണമടഞ്ഞ നടനാണ് ചാഡ് വിക് ബോസ്മാൻ. കഴിഞ്ഞ വർഷം മികച്ച സംവിധാനത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തിയില്ലെന്നും മികച്ച അഭിനയത്തിൽ കറുത്ത വർഗക്കാരെ അവഗണിച്ചെന്ന തരത്തിൽ അക്കാദമിക്ക് എതിരെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഇത്തവണ ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ക്ലോയി ഷാവോ (നോ മാഡ്ലാൻഡ്), എമറാൾഡ് ഫെന്നൽ (പ്രോമിസിങ് യങ് വുമൻ) എന്നിവർ മികച്ച സംവിധായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടുമുണ്ട്. ഏപ്രിൽ 26നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. വിയോള ഡേവിഡ് ( മാ റെയ്നിയുടെ ബ്ലാക്ക് ബോട്ടം ), ആന്ദ്ര ഡേ ( യുനൈറ്റഡ് സ്റ്റേറ്റ്സ് vs ബില്ലി ഹോളിഡേ ), ഡാനിയൽ കലൂയാ ( യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ ) ലേക്കിത്ത് സ്റ്റേൺഫിൽഡ് ( യൂദാസ് ആൻഡ് ബ്ലാക്ക് മിശിഹാ ) തുടങ്ങിയവർ മികച്ച നടികളുടെ മത്സരത്തിൽ മുന്നിലുണ്ട്. മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് ജേതാവ് ജൂഡി ഫോസ്റ്റർ ഓസ്കറിൽ അവഗണിക്കപ്പെട്ടു.