
ന്യൂഡൽഹി: താജ്‌മഹലിന്റെ പേര് രാംമഹൽ അല്ലെങ്കിൽ ശിവ്മഹൽ എന്നാക്കുമെന്ന് ബൈരിയയിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിംഗ്. പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നുമാണ് സുരേന്ദ്ര പറഞ്ഞത്. ഇത് വിവാദമായി.
'ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഉടനെ അറിയും താജ് മഹലാണോ അതോ രാം മഹലോ എന്ന്. മുസ്ലിം അക്രമികൾ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യൻ സംസ്‌കാരം നശിപ്പിച്ചു. എന്നാൽ സുവർണ കാലത്തിലേക്ക് ഉത്തർ പ്രദേശ് എത്തിയിരിക്കുകയാണ്. താജ്‌മഹലിനെ രാമക്ഷേത്രമാക്കും, പേരുമാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെന്നും' മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ സുരേന്ദ്ര സിംഗ് പറഞ്ഞു.
ഇത് ആദ്യമായല്ല സുരേന്ദ്ര സിംഗ് വിവാദ പരാമർശങ്ങൾ നടത്തുന്നത്. കൊൽക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സർക്കാരിന് പീഡനം തടയാനാവില്ലെന്നും സംസ്‌കാരശീലരായി പെൺകുട്ടികളെ വളർത്തിയാൽ പീഡനം കുറയ്ക്കാമെന്നും ഹാഥ്‌രസിൽ ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിംഗ് നടത്തിയ പരാമർശം വിവാദമായിരുന്നു.