pinarayi

കണ്ണൂർ: ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ പങ്കാളിത്തമാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തമാണ് കണ്ടത്. സംസ്ഥാനത്ത് ഇടത്പക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണ എതിരാളികളെ ആശങ്കപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടത്തെ പര്യടനശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് കൃത്രിമമായ പ്രതീകങ്ങൾ സൃഷ്‌ടിച്ച് ചർച്ച വഴിമാ‌റ്റുകയാണ്. നേമത്തെ ബിജെപിക്കെതിരായ മത്സരം തുറുപ്പുചീട്ടാണെന്ന് പറയുന്ന കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഴുകിപ്പോയ വോട്ടിനെക്കുറിച്ച് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത് മുഴുവൻ തിരിച്ചുപിടിച്ചാലെ എൽഡിഎഫിന്റെ കഴിഞ്ഞതവണത്തെ നിലയുടെ ഏഴയലത്തെത്തൂ.

കോൺഗ്രസും ബിജെപിയും തമ്മിൽ കഴിഞ്ഞ കുറേ കാലമായി പരസ്‌പര സഹകരണമുണ്ട്. ഒരു കക്ഷി രാവിലെ ഒരു ആരോപണം ഉന്നയിച്ചാൽ അതുതന്നെ മ‌റ്റേ കക്ഷി വൈകിട്ട് ഉന്നയിക്കും. കേരളത്തിലെ പ്രധാന കാര്യങ്ങൾ മറയ്‌ക്കാൻ ഇരുവരും പരസ്‌പര ധാരണയോടെ പ്രവർത്തിക്കുകയാണ്.

ചെറുപ്പക്കാർക്ക് ജോലി നൽകാൻ സർക്കാർ താൽപര്യം കാണിക്കില്ലെന്ന് ആരോപിച്ചു. 1,58,000 പേർക്കാണ് നിയമന ഉത്തരവ് പി.എസ്.സി നൽകിയത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയിൽ 31 ശതമാനം കുറവ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായി. 27057 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള‌ളത്. കഴിഞ്ഞ ആറുമാസത്തെ നിലയിൽ ഏ‌റ്റവും കുറഞ്ഞ നിരക്കിലെ രോഗവ്യാപനമാണ് ഇപ്പോഴുള‌ളത്. ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി 6 ശതമാനം.ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി കുറഞ്ഞതിന് കേന്ദ്രം സംസ്ഥാനത്തെ അഭിനന്ദിച്ചു. 14 ലക്ഷത്തോളം പേർക്ക് ഇതുവരെ വാക്‌സിനേഷൻ നൽകി. ജനസംഖ്യാനുപാതികമായി ഏ‌റ്റവും വേഗം വാക്‌സിനേഷൻ നൽകുന്നത് കേരളത്തിലാണ്. ജനസംഖ്യാനുപാദത്തിൽ ഏറ്റവുമധികംപേരെ ടെസ്‌റ്റ് ചെയ്‌ത സംസ്ഥാനത്തിലൊന്ന് കേരളമാണ്. ഡൽഹി, ഗോവ തുടങ്ങി ചെറു സംസ്ഥാനങ്ങളാണ് ഇതിൽ മുന്നിൽ. വാക്‌സിനേഷനിൽ ഇവരെക്കാളും മുന്നിലാണ് കേരളം.

അഗതിമന്ദിരങ്ങളിൽ വയോജനങ്ങളിൽ രോഗം പകരുന്നത് അപകടകരമാകാം. അതുകൊണ്ട് അവിടങ്ങളിൽ തന്നെ അന്തേവാസികൾക്ക് വാക്‌സിനെത്തിക്കാൻ ശ്രമം നടത്തും. ബ്രേക്ക് ദ ചെയിൻ രീതി ആവിഷ്‌കരിച്ചിട്ട് ഒരു വർഷമായി.രോഗപ്രതിരോധത്തിന് ഇത് ഫലപ്രദമായി. തന്നിൽനിന്ന് ഒരാളിലേക്കും രോഗം പകരില്ലെന്ന് നിർബന്ധബുദ്ധി ജനങ്ങൾക്ക് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.