
ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും ധനികരായ സ്ഥാനാർത്ഥികളിലൊരാളായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസൻ. കമൽ, ഇന്നലെ വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 176.9 കോടിയാണ് സ്വന്തം സമ്പാദ്യമായി കാണിച്ചിരിക്കുന്നത്. അതിൽ131 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും 45.09 കോടി രൂപയുടെ ജംഗമ വസ്തുക്കളുമുണ്ട്.ജംഗമ സ്വത്തുക്കളിൽ 2.43 കോടിയുടെ ബാങ്ക് നിക്ഷേപം, 26.1ലക്ഷം ഓഹരികൾ, 2.39 കോടിയുടെ ഇൻഷുറൻസ്, 36.24 കോടി വ്യക്തിഗത വായ്പ, ബി.എം.ഡബ്ളിയു 730 എൽ.ഡി ഉൾപ്പെടെ 3.69 കോടിയുടെ വാഹനങ്ങൾ തുടങ്ങിയ ഉൾപ്പെടുന്നു.സ്ഥാവര വസ്തുക്കളിൽ 17.79 കോടി വിലമതിക്കുന്ന 35.59 ഏക്കർ കൃഷിഭൂമി, ചെന്നൈയിൽ 92.05 കോടി മൂല്യമുള്ള വാണിജ്യ സമുച്ചയങ്ങൾ, 19.5 കോടിയുടെ രണ്ട് വീടുകൾ, ലണ്ടനിൽ 2.5 കോടിയുടെ വീടും സ്ഥലവും തുടങ്ങിയവയുണ്ട്. 2019-20ൽ 22.1 കോടി നികുതി അടച്ചു. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമൽ സത്യവാങ്മൂലത്തിൽ പറയുന്നു.മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് 6.67 കോടിയുടെ സ്വത്താണുള്ളത്. ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവം 7.8 കോടി രൂപയും ഡി.എം.കെ നേതാവ് സ്റ്റാലിൻ 8.9 കോടി രൂപയുമാണ് സമ്പാദ്യമായി കാണിച്ചിരിക്കുന്നത്.