
ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും രാജിവച്ച മുതിർന്ന നേതാവ് പി.സി. ചാക്കോ എൻ.സി.പിയിൽ ചേർന്നു. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തെ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു. ഇരുവരും സംയുക്തമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
I am formally joining the NCP today. NCP is part of the Left Democratic Front in Kerala. Once again, I am back in the LDF as a part of NCP: Former Congress leader PC Chacko pic.twitter.com/bNrEtqVSOZ
— ANI (@ANI) March 16, 2021
കഴിഞ്ഞ 40 വർഷമായി എൻ.സി.പി കേരളത്തിൽ എൽ.ഡി.എഫിന്റെ ഭാഗമാണ്. നായനാർ മന്ത്രിസഭയിൽ ഞാൻ മന്ത്രിയായിരുന്നു. ഈ ബന്ധം 1980ലുണ്ടായിരുന്നതാണ്. എൽ.ഡിഎഫുമായുള്ള ആ ബന്ധം എന്റെ രാഷ്ട്രീയ ആസ്തിയാണ്. എൻ.സി.പിയുടെ ഭാഗമായി താൻ വീണ്ടും എൽ.ഡി.എഫിൽ തിരിച്ചെത്തിയിരിക്കുന്നു. പാർലമെന്റിലും പാർലമെന്റ് കമ്മിറ്റികളിലും പല രാഷ്ട്രീയ മുന്നേറ്റങ്ങളിലും താനും യെച്ചൂരിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും എന്‍.സി.പിയുടെയും എല്‍.ഡി.എഫിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പി.സി. ചാക്കോ പ്രതികരിച്ചു.
കോൺഗ്രസ് വിട്ടതിന് പിന്നാലെ, ശരത് പവാറുമായി വ്യക്തിപരമായി അടുപ്പമുള്ള പി.സി. ചാക്കോ എൻ.സി.പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോൺഗ്രസ് സംസ്‌കാരമുള്ള എൻ.സി.പിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബി.ജെ.പിയിലും കമ്യൂണിസ്റ്റ് പാർട്ടിയിലും ചേരാൻ താൽപര്യമില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം ഉറപ്പാവുകയായിരുന്നു. എൻ.സി.പി പാളയത്തിലെത്തിയതോടെ കേരളത്തിൽ ഇടതുമുന്നണിക്കായി പി.സി. ചാക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും.