
പാലക്കാട്ടുകാരനായ ശ്രീശങ്കർ കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ ഗ്രാൻപ്രീയിൽ പങ്കെടുക്കാനായി പട്യാലയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. അവിടെ നിന്ന് പല വിമാനങ്ങൾ മാറിക്കയറി എങ്ങനെയാണ് വീട്ടിലെത്തിയതെന്ന് ശങ്കുവെന്ന് വിളിപ്പേരുള്ള ശ്രീശങ്കറിന് മാത്രമേ അറിയൂ.ഒളിമ്പിക് യോഗ്യത മനസിൽ കണ്ടാണ് അന്ന് പട്യാലയിലേക്ക് പോയത്. കൃത്യം ഒരു വർഷം കഴിഞ്ഞ് അതേവേദിയിൽത്തന്നെ ഒളിമ്പിക് യോഗ്യതാ മാർക്ക് മറികടന്നിരിക്കുകയാണ് ശങ്കു ; അതും തന്റെതന്നെ ദേശീയ റെക്കാഡ് തിരുത്തിയെഴുതിക്കൊണ്ട്.
ദേശീയ കായിക താരങ്ങളായ മുരളിയുടെയും ബിജിമോളുടെയും മകനാണ് ശ്രീശങ്കർ.ചെറുപ്പം മുതലേ കായികവേദിയിൽ സജീവം.പഴയ ദേശീയ ട്രിപ്പിൾജമ്പ് ചാമ്പ്യനായ മുരളിയാണ് പരിശീലകൻ. പ്രചോദനവുമായി അമ്മയും. 2018ൽ ഭുവനേശ്വറിൽ വച്ചാണ് ലോംഗ്ജമ്പിലെ ദേശീയ റെക്കാഡ് സ്വന്തം പേരിലാക്കുന്നത്. 2.20 മീറ്ററാണ് അന്ന് ചാടിയത്. ഇതോടെയാണ് ഒളിമ്പിക് യോഗ്യത നേടാമെന്ന ആത്മവിശ്വാസം ഉടലെടുത്തത്.
ലോക്ഡൗണിൽ വീട്ടിലൊതുങ്ങിപ്പോയെങ്കിലും പരിശീലനം മുടക്കാതിരുന്നതാണ് ശങ്കുവിന് തന്റെ ലക്ഷ്യത്തിലെത്താൻ തുണയായത്. മാതാപിതാക്കൾക്കൊപ്പം കസിൻസും ഒപ്പം കൂടിയതോടെ പരിശീലനം ഗ്രൗണ്ടിൽ നിന്ന് വീട്ടുമുറ്റത്തും ടെറസിലേക്കും മാറി.വെയ്റ്റ് ട്രെയ്നിംഗിലും മറ്റുമാണ് ആ ഘട്ടത്തിൽ ശ്രദ്ധിച്ചത്. ഗ്രൗണ്ടിലിറങ്ങാൻ അനുമതി ലഭിച്ചപ്പോഴാണ് റണ്ണപ്പ് പ്രാക്ടീസ് ചെയ്തത്. പരിശീലനം ഫുൾ സ്വിംഗിലെത്തിയിട്ട് മൂന്നുമാസമാകുന്നതേയുള്ളൂ.കഴിഞ്ഞ മാസം പട്യാലയിൽത്തന്നെ നടന്ന ഗ്രാൻപ്രിയിൽ 8.05 മീറ്റർ ചാടി സ്വർണം നേടിയിരുന്നു.
ഇന്നലെ തന്റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കർ ഒളിമ്പിക് യോഗ്യതാ മാർക്ക് മറികടന്നത്. തന്റെ അഞ്ചുചാട്ടങ്ങളിലും ശങ്കു എട്ട് മീറ്റർ മറികടന്നിരുന്നു.8.02 മീറ്ററായിരുന്നു ആദ്യ ശ്രമം. തുടർന്ന് 8.04,8.07,8.09,8.26 എന്നിങ്ങനെ പടിപടിയായി ഉയർത്തി ദേശീയ റെക്കാഡിലേക്കും ഒളിമ്പിക് സ്വപ്നത്തിലേക്കും എത്തുകയായിരുന്നു.
8 മീറ്റർ ചാടി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് അനീസിനും അഭിമാനിക്കാം,കരിയറിൽ ആദ്യമായാണ് അനീസ് എട്ടുമീറ്റർ മാർക്കിലെത്തുന്നത്. ഈ നേട്ടം കരസ്ഥമാക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാണ് കൊല്ലം നിലമേൽ സ്വദേശിയും ഒളിമ്പ്യൻ മുഹമ്മദ് അനസിന്റെ അനിയനുമായ അനീസ്.
ഒരുവർഷത്തോളമുള്ള കാത്തിരിപ്പിന്റെയും ടെൻഷന്റെയും പരിസമാപ്തിയാണ് ഈ നേട്ടം. ദുർഘടമായ സാഹചര്യത്തിലും പരിശീലനം മുടക്കാതെ കാത്തിരുന്നത് ഈ മുഹൂർത്തത്തിനാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം നിന്ന എല്ലാവർക്കും നന്ദി
ശ്രീശങ്കർ