baiden

പോങ്‌യാങ്: അമേരിക്കയ്ക്കും പ്രസി‌ഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നൽകി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. പെന്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും തിങ്കളാഴ്ച ജപ്പാനിൽ സന്ദർശനത്തിനെത്തിയതിന് പിന്നാലെയാണ് കിം യോ ജോംങിന്റെ പ്രതികരണം. ചൈനയ്‌ക്കെതിരായി സൈനിക ബന്ധം ശക്തമാക്കുക,ആണവായുധ ശക്തികേന്ദ്രമായ നോർത്തിനെതിരെ ഐക്യമുന്നണി ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സന്ദർശനം. സഹോദരന്റെ പ്രധാന ഉപദേഷ്ടാവായിരുന്ന കിം യോ ജോങിന്റെ പ്രസ്താവന ജോ ബൈഡൻ പ്രസി‌ഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഉത്തര കൊറിയയുടെ ആദ്യ ഔദ്യോഗിക പ്രസ്താവനയാണ്. അമേരിക്കയും ദക്ഷിണ കൊറിയയും കഴിഞ്ഞയാഴ്ച സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതും ഉത്തരകൊറിയൻ ഭരണകൂടത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഞങ്ങളുടെ ഭൂമിയിൽ രക്തച്ചൊരിച്ചിലിനും സമാധാനം നഷ്ടപ്പെടുത്താനും ശ്രമിച്ചാൽ അമേരിക്കയുടെ ഉറക്കം കെടുത്തുമെന്നാണ് ജോംങിന്റെ സഹോദരിയുടെ പ്രസ്താവന. ട്രംപിന്റെ ഭരണകാലത്ത് ഉത്തരകൊറിയയുമായി സമാധാനത്തിന് ശ്രമിച്ചെങ്കിലും പിന്നീട് ബന്ധം കൂടുതൽ വഷളാവുന്നതാണ് കണ്ടത്. അയൽരാജ്യമായ ചൈനയിൽ ഉത്ഭവിച്ച കൊവിഡിനെ ചെറുക്കാൻ അതിർത്തി അടയ്ക്കുകയും പുറംലോകവുമായി ബന്ധം വിച്ഛേദിക്കുകയും ചെയ്തതോടെ ഉത്തര കൊറിയ കൂടുതൽ ഒറ്റപ്പെട്ടു. ജനുവരിയിൽ കിം യുഎസിനെ തന്റെ രാജ്യത്തിന്റെ പ്രധാന ശത്രുവായി പ്രഖ്യാപിക്കുകയും ആണവ പരീക്ഷണങ്ങളുമായി കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു