
ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത, വ്യക്തിഗത സേവിംഗ്‌സ് പ്ളാനായ പുതിയ 'ബചത് പ്ളസ്" പോളിസി അവതരിപ്പിച്ചു. ഇൻഷ്വറൻസ് പരിരക്ഷയ്ക്കൊപ്പം സമ്പാദ്യവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക ഒരുലക്ഷം രൂപയാണ്. ഏജന്റുമാർ വഴിയോ www.licindia.in വെബ്‌സൈറ്റിലൂടെ ഓൺലൈനായോ പോളിസി എടുക്കാം.
പോളിസി ഉടമ മരണമടഞ്ഞാൽ കുടുംബത്തിന് പണം കിട്ടുന്ന തരത്തിലോ പോളിസി കാലാവധി കഴിയുമ്പോൾ സം അഷ്വേഡ് തുക ലഭിക്കുന്ന വിധമോ പോളിസി എടുക്കാം. പ്രീമിയം ഒറ്റത്തവണയായോ അഞ്ചുവർഷം കൊണ്ടോ അടയ്ക്കാം.