pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനസർക്കാർ നൽകുന്ന സൗജന്യ കിറ്റ് കേന്ദ്രസർക്കാർ നൽകിയതാണെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നൽകുന്ന കിറ്റാണെങ്കിൽ എന്തേ മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കൊടുക്കാത്തെതെന്ന് അദ്ദേഹം ചോദിച്ചു.

എല്ലാവർക്കും കിറ്റ് ഇരിക്കട്ടെ എന്നാണ് സർക്കാർ നിശ്ചയിച്ചത്. ഇപ്പോൾ അക്കാര്യത്തിൽ വന്ന വിമർശനം, ഇതെല്ലാം കേന്ദ്രസർക്കാർ കൊടുത്തതാണ്, എന്നാൽ സംസ്ഥാനം കൊടുത്തു എന്ന് പറയുന്നതാണെന്നാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഇത് കൊടുക്കണ്ടേ. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്ലേ. കാര്യങ്ങളെ എങ്ങനെയെല്ലാം വക്രീകരിക്കാം, ഉള്ളതിനെ എങ്ങനെ ഇല്ലാതാക്കാം. ഇതാണ് കേരളത്തിലെ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളെ സഹായിക്കാൻ സർക്കാർ എടുത്ത തീരുമാനം ഒരു മഹാകാര്യമൊന്നുമല്ല. ആ സഹായത്തിലൊന്നായിരുന്നു കിറ്റ് വിതരണം. ഒരു വിവേചനവുമില്ലാതെയാണ് കൊടുത്തത്. എല്ലാവർക്കും കിറ്റ് ഇരിക്കട്ടെ എന്നാണ് സർക്കാർ നിശ്ചയിച്ചത്. ഞങ്ങളാരും ഇത് കൊട്ടിഘോഷിക്കാൻ പോയിട്ടില്ല. നമ്മുടെ കേരളത്തിൽ അതുമായി ബന്ധപ്പെട്ട് അനാവശ്യപ്രചരണത്തിന് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇടതുപക്ഷ സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ കോൺഗ്രസിനെയും ബി.ജെ.പിയെയും ആശങ്കയിലാക്കിയെന്നും അതുകൊണ്ടാണ് കൃത്രിമ പ്രതീകങ്ങൾ സൃഷ്ടിച്ച് ചർച്ച മാറ്റാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.