
കോന്നി: എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കോന്നിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരാണാധികാരിയായ കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ റ്റി വിജയകുമാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ബിജെപി ജില്ലാ കമ്മറ്റി അംഗം സുരേഷ് കാവുങ്കൽ പിന്തുണക്കുന്ന ഒരു സെറ്റ് പത്രികയാണ് ഇന്നലെ നൽകിയത്.
ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ്, ബിഡിജെഎസ് മണ്ഡലം പ്രസിഡൻഡ് ജി സോമനാഥൻ എന്നിവർ പിന്തുണക്കുന്ന രണ്ട് സെറ്റ് പത്രികകൾ കൂടി ഇന്ന് സമർപ്പിക്കും. കോന്നി മണ്ഡലത്തിൽ എൻ ഡി എ വിജയിച്ചാൽ കോന്നി വിമാനത്താവളം യാഥാർത്ഥ്യമാക്കുമന്ന് സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രന് കെട്ടി വക്കുന്നതിനുള്ള പണം സംഭാവന നൽകിയത് കോന്നി അരുവാപ്പും സ്വദേശികളായ സ്ത്രീകളാണ്. പത്രികാ സമർപ്പണത്തിന് നിരവധി നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ബി ഡി ജെ എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ പദ്മകുമാർ, ബിജെപി മേഘല സെക്രട്ടറി ഷാജി ആർ നായർ, ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ്, വൈസ് പ്രസിഡൻഡ് എം അയ്യപ്പൻ കുട്ടി, സെക്രട്ടറി വിഷ്ണു മോഹൻ , മഹിളാ മോർച്ച ജില്ലാ പ്രസിഡൻഡ് മീനാ എം നായർ തുടങ്ങി നിരവധി നേതാക്കളോടൊപ്പമാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കാനെതിയത്.