india-cricket

മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് തോൽവി

തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് കൊഹ്‌ലിക്ക് അർദ്ധസെഞ്ച്വറി,77*

അഹമ്മദാബാദ്: തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലിയുടെ പ്രകടനത്തിനും ഇംഗ്ളണ്ടിനെതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ടോസ് നഷ്ടപ്പെട്ടതോടെ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. ഇംഗ്ളണ്ട് എട്ടുവിക്കറ്റുകളും പത്തു പന്തുകളും ബാക്കി നിൽക്കേ വിജയം കണ്ടു. 46 പന്തുകളിൽ എട്ടുഫോറും നാലുസിക്സുമടക്കം പുറത്താകാതെ 77 റൺസ് നേടിയ നായകൻ വിരാടിന്റെ ഒറ്റയാൻ പോരാട്ടം പാഴായപ്പോൾ 52 പന്തുകളിൽ പുറത്താകാതെ 83 റൺസ് നേടിയ ജോസ് ബട്ട്ലറുടെയും 28 പന്തുകളിൽ പുറത്താകാതെ 40 റൺസ് നേടിയ ജോണി ബെയർ സ്റ്റോയുടെയും പ്രകടനമാണ് ഇംഗ്ളണ്ടിന് വിജയം നൽകിയത്. ഇതോടെ പരമ്പരയിൽ ഇംഗ്ളണ്ട് 2-1ന് മുന്നി​ലെത്തി​.നാലാം മത്സരം നാളെ നടക്കും.

പരമ്പരയിലെ തുടർച്ചയായ രണ്ടാം അപരാജിത അർദ്ധസെഞ്ച്വറിയാണ് വിരാട് നേടിയത്. 24 റൺസെടുക്കുന്നതിനിടെ കെ.എൽ രാഹുൽ (0),രോഹിത് ശർമ്മ (15),ഇശാൻ കിഷൻ(4) എന്നിവർ ക
ടാരം കയറിയപ്പോൾ വിരാട് ക്ഷമയോടെ പൊരുതുകയായിരുന്നു. റിഷഭ് പന്ത് (25),ഹാർദിക്ക് (17) എന്നിവരാണ് അൽപ്പമെങ്കിലും പിന്തുണ നൽകിയത്.

ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മയാണ് ഇന്നലെ രാഹുലിനൊപ്പം ഓപ്പൺ ചെയ്തത്.ആദ്യ രണ്ട് മത്സരങ്ങളിലും പാളിപ്പോയ രാഹുൽ ഇന്നലെയും കഥ ആവർത്തിച്ചു. നാലുപന്തുകൾ നേരിട്ട് റണ്ണെടുക്കാൻ കഴിയാതിരുന്ന രാഹുലിനെ മൂന്നാം ഓവറിൽ മാർക്ക് വുഡ് ക്ളീൻ ബൗൾഡാക്കുകയായിരുന്നു. അഞ്ചാം ഓവറിൽ രോഹിതിനെയും വുഡ് മടക്കി അയച്ചു. കഴിഞ്ഞ കളിയിൽ ടീമിലുണ്ടായിരുന്നിട്ടും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സൂര്യകുമാർ യാദവിന് പകരം കളിക്കാനിറങ്ങിയ രോഹിത് ആർച്ചർക്ക് ക്യാച്ച് നൽകുകയായിരുന്നു. 17പന്തുകളിൽ രണ്ട് ബൗണ്ടറിയടക്കമാണ് രോഹിത് 15 റൺസ് നേടിയത്. ഇതോടെ ഇന്ത്യ 20/2 എന്ന നിലയിലായി.

കഴിഞ്ഞ കളിയിൽ ഓപ്പണറായി അരങ്ങേറ്റത്തിനിറങ്ങി അർദ്ധസെഞ്ച്വറി നേടിയിരുന്ന ഇശാൻ കിഷനാണ് അടുത്തതായി മടങ്ങിയത്. നാലുറൺസെടുത്ത ഇശാൻ ക്രിസ് യോർദാന്റെ പന്തിൽ കീപ്പർ ബട്ട്‌ലർക്ക് ക്യാച്ച് നൽകുകയായിരുന്നു. തുടർന്ന് ക്രീസിലൊരുമിച്ച നായകൻ കൊഹ്‌ലിയും കീപ്പർ റിഷഭ് പന്തും കൂട്ടിച്ചേർത്ത 40 റൺസാണ് ഇന്ത്യയെ വൻതകർച്ചയിൽ നിന്ന് രക്ഷിച്ചത്. 20 പന്തുകളിൽ മൂന്ന് ഫോറടക്കം 25 റൺസടിച്ച റിഷഭ് 12-ാം ഓവറിൽ റൺഔട്ടാവുകയായിരുന്നു.