
ന്യൂഡൽഹി: പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബാങ്ക് സ്വകാര്യവത്കരിക്കുമ്പോൾ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഒരു സ്ഥാപനവും പൂട്ടില്ലെന്നും തൊഴിൽ നഷ്‌ടമുണ്ടാവില്ലെന്നും നിർമ്മല പറഞ്ഞു. ശമ്പളം, പെൻഷൻ എന്നിവയെല്ലാം സംരക്ഷിക്കും.
കേന്ദ്രം പബ്ളിക് എന്റർപ്രൈസ് പോളിസി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ധനകാര്യ മേഖലയടക്കം നാല് സുപ്രധാന മേഖലകളിലൊഴികെ സ്വകാര്യവത്കരണമുണ്ടാകും. എല്ലാ പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യവത്കരിക്കില്ല. രാജ്യത്തിന്റെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ പിന്തുണ നൽകുന്ന എസ്.ബി.ഐ പോലെയുള്ള വലിയ ബാങ്കുകളാണ് നമുക്കാവശ്യം. അടുത്തിടെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കി മാറ്റിയ കാര്യവും ധനമന്ത്രി ഓർമ്മിപ്പിച്ചു.
സ്വകാര്യവത്കരണത്തിനെതിരെ രാജ്യത്തെ ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. 10 ലക്ഷത്തോളം പേർ പങ്കെടുക്കുന്ന പണിമുടക്കിൽ രാജ്യത്തെ ബാങ്കിംഗ് മേഖല പൂർണമായും സ്തംഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ലാഭം സ്വകാര്യവത്കരിക്കുകയും നഷ്‌ടം ദേശസാത്കരിക്കുകയാണെന്നും ബാങ്കിംഗ് സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു.
നഷ്‌ടം മാത്രമല്ല, അഴിമതിയെയും ദേശസാത്കരിച്ചത് കോൺഗ്രസ് നയിച്ച യു.പി.എ സർക്കാരാണെന്ന് നിർമ്മല തിരിച്ചടിച്ചു. ട്വിറ്ററിൽ രണ്ടുവരി കുറിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി മതിയായ ഹോംവർക്ക് ചെയ്യണമെന്നും ചർച്ചകൾക്ക് തയ്യാറാകണമെന്നും ധനമന്ത്രി പറഞ്ഞു.
സ്വകാര്യപാതയിലേക്ക്
രണ്ടു ബാങ്കുകൾ
രണ്ടു പൊതുമേഖലാ ബാങ്കുകളെ അടുത്തവർഷം (2021-22) സ്വകാര്യവത്കരിക്കാനാണ് കേന്ദ്രനീക്കം. ഇവ ഏതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിൽ രണ്ടെണ്ണത്തിന് നറുക്കുവീഴുമെന്നാണ് സൂചനകൾ. സ്വകാര്യവത്കരണത്തിന് മുമ്പായി ബാങ്കിംഗ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്‌ഫർ) നിയമം, ബാങ്കിംഗ് റെഗുലേഷൻ നിയമം എന്നിവ ഭേദഗതി ചെയ്യാനുള്ള ബില്ല് കേന്ദ്രം കൊണ്ടുവന്നേക്കും.
ലയനം തുടർന്നേക്കും
പൊതുമേഖലയിലെ രണ്ടു ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിന് മുമ്പ്, മറ്റ് രണ്ടു ബാങ്കുകളെ തമ്മിൽ ലയിപ്പിക്കാനുള്ള ആലോചനയും ധനമന്ത്രാലയം തുടങ്ങിയെന്ന് സൂചന. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളും നടപ്പുവർഷം ജനുവരി-മാർച്ച്, അടുത്തവർഷം ഏപ്രിൽ-ജൂൺപാദങ്ങളിലെ പ്രവർത്തനഫലവും വിലയിരുത്തിയ ശേഷമാകും ലയിപ്പിക്കേണ്ട ബാങ്കുകളുടെ പട്ടിക തയ്യാറാക്കുക.
ലയനവഴികൾ
പൊതുമേഖലയിൽ 27 ബാങ്കുകളാണ് 2017ൽ ഉണ്ടായിരുന്നത്. എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും പിന്നീട് മാതൃബാങ്കായ എസ്.ബി.ഐയിൽ ലയിച്ചു. യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഒഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കനറ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ആന്ധ്രബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലും ലയിച്ചു. വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവ ബാങ്ക് ഒഫ് ബറോഡയിലും ലയിച്ചതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി.