hash-oil

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് 1.21 കിലോഗ്രാം ഹാഷിഷ് ഓയിലുമായി നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്. ബഹ്റൈനിലേക്ക് പോകാൻ എത്തിയതായിരുന്നു യുവതി.

ഇന്റർനാഷണൽ ഡിപ്പാർച്ചർ ഹാളിൽ പരിശോധനയ്ക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും സി.ഐ.എസ്.എഫും ചേർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ പക്കൽ ഹാഷോയിലാണെന്ന് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. എസ്.എച്ച്.ഒ പി. ശശികുമാർ, എസ്.ഐ സി.പി ബിനോയി, എ.എസ്.ഐ ബിജേഷ്, സി.പി.ഒ മാരായ പി.വി ജോസഫ്, രശ്മി പി. കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.