rajnath-singh

ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം,​ ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയത് പോലെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനും ബി.ജെ.പി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലക്നൗവിൽ ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞു.

'രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ ആളുകൾ ഞങ്ങളെ പരിഹസിക്കുന്നു. മറ്റൊന്നിനെക്കുറിച്ചും നിങ്ങൾക്ക് ചർച്ച ചെയ്യാനില്ലേ എന്നാണ് ചോദിക്കുന്നത്. എന്നാൽ പൂർത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങൾ പറയുന്നത്. മുത്തലാക്ക് നിറുത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ഞങ്ങൾ നൽകിയ വാഗ്ദാനവും നടപ്പാക്കും.' - രാജ്നാഥ് സിംഗ് പറഞ്ഞു.

ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവിൽ കോഡ്. ഹിന്ദുവിനോ മുസ്ലിമിനോ ക്രിസ്ത്യാനികൾക്കോ എതിരാവില്ലത്. ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും രാജ്നാഥ് പറഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികൾ തകർന്നു വീഴുകയാണെന്നും എന്നാൽ ബി.ജെ.പി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് വിവാഹം, പരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കൽ എന്നീ വിഷയങ്ങൾക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവിൽ കോഡ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്. ഒരൊറ്റ സിവിൽ കോഡ് വരുന്നതോടെ മുസ്ലിം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങൾക്കുള്ള നിയമ പരിഗണനകൾ ഇല്ലാതാകും.