
സൻആ: ആഭ്യന്തര യുദ്ധവും വിദേശ ഇടപെടലും മൂലം ദുരിതത്തിലായ യെമനിൽ ജനം പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. ഏദനിൽ മആഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരമാണ് പ്രക്ഷോഭകർ കൈയേറിയത്. അവശ്യ സേവനങ്ങളും ജീവിത സാഹചര്യങ്ങളും സാധാരണ നിലയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഏറെയായി സമരത്തിലാണ്. യെമൻ നാണയമൂല്യം ആഗോള വിപണിയിൽ കുത്തനെ ഇടിയുകയാണ്. ഇത് യമൻ ജനതയെ സാരമായി ബാധിച്ചു. ശമ്പളം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രകടനമായി നീങ്ങിയതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി മഈൻ അബ്ദുൽ മലിക് ഉൾപ്പെടെയുള്ള ഭരണ നേതാക്കൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്.