
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബാക്കിയുള്ള ഏഴു സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ വീണ എസ്.നായരും തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും മത്സരിക്കും. പി.സി. വിഷ്ണുനാഥ് (കുണ്ടറ), ടി. സിദ്ദിഖ് (കൽപ്പറ്റ), വി.വി. പ്രകാശ് (നിലമ്പൂർ), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണു മറ്റു സ്ഥാനാർഥികൾ. ഇനി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മാത്രമാണ് കോൺഗ്രസിന് സ്ഥാനാർത്ഥികളെ കണ്ടെത്താനുളളത്.
ധർമടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നൽകിയേക്കും. പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഏറെനാളത്തെ ആശയക്കുഴപ്പത്തിനൊടുവിലാണ് കോൺഗ്രസ് ആറു സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫോർവേഡ് ബ്ലോക്കിനു നൽകിയിരുന്ന ധർമ്മടം കോൺഗ്രസ് തിരിച്ചെടുത്തതോടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുളള സീറ്റുകളുടെ എണ്ണം ആറിൽ നിന്നും ഏഴായി ഉയർന്നത്. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം കണക്കിലെടുത്ത് ബാക്കിയുളള ഏഴുസീറ്റുകളിൽ വനിതകളെയും പരിഗണിക്കാൻ ഹൈക്കമാൻഡ് സംസ്ഥാനനേതൃത്വത്തിന് നിദ്ദേശം നൽകിയിരുന്നു.