17-deepthi

പന്തളം: കള്ളനോട്ടുമായി യുവതിയും സഹായിയും അറസ്റ്റിൽ.തഴവ കുറ്റിപ്പുറം എസ്.ആർ.പി. മാർക്കറ്റ് ജംഗ്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34), കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽക്കടവിൽ അമ്പലത്തിൽ വീട്ടിൽ നാസർ (താഹ നിയാസ് -47) എന്നിവരാണ് പിടിയിലായത്. യുവതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രിന്ററും കളർ ഫോട്ടോസ്റ്റാറ്റ് മെഷീനും 100 രൂപയുടെ 7 കള്ളനോട്ടും പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ പൂഴിക്കാട് തച്ചിരേത്ത് ജംഗ്ഷനിലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ഇവർ 2000 രൂപയുടെ നോട്ടാണ് നൽകിയത്. സംശയം തോന്നിയ കടയുടമ നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് അടൂർ ഡിവൈ.എസ്.പി ബി. വിനോദ്, പന്തളം എസ്.എച്ച്.ഒ. എസ്. ശ്രീകുമാർ, എസ്.ഐമാരായ ബി. അനീഷ്, അജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ദീപ്തിയുടെ വീട്ടിൽ നിന്ന് നോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തത്.

കരുനാഗപ്പള്ളിയിൽ തുണിക്കട നടത്തിയിരുന്ന ദീപ്തി കൊവിഡ് വ്യാപനത്തോടെ കട നിറുത്തിയിരുന്നു. താഹ നിയാസ് ഇൗ കടയ്ക്ക് സമീപം മെഡിക്കൽ സ്റ്റോർ നടത്തിവരികയായിരുന്നു. ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ദീപ്തി, താഹ നിയാസിനൊപ്പമാണ് ഏറെ നാളായി കഴിയുന്നത്. ആറുമാസത്തിലേറെയായി ഇവർ കള്ളനോട്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.