valayar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാര്‍ പെൺകുട്ടികളുടെ അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടും. പിന്നെ അതു പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ലെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമാണെന്നും ആരോപിച്ചു.

അമ്മ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ്. അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തില്ല. രാഷ്ടീയമായി ഞങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ല. അവര്‍ക്ക് പിന്നില്‍ ഒരു ശക്തി ഉണ്ട് എന്നതിന് തെളിവാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള തീരുമാനം. തല മുണ്ഡനം ചെയ്തുള്ള സമരം ഉദ്ഘാടനം ചെയ്തത് ലതികാ സുഭാഷ് ഇപ്പോൾ കോണ്‍ഗ്രസിലില്ലെന്നും ബാലൻ ചൂണ്ടിക്കാട്ടി.

അതേസമയം വാളയാർ പെൺകുട്ടികളുടെ അമ്മ തനിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്തകളെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമല്ലോ എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നുള്ളതിൽ നിലപാടെടുക്കേണ്ടത് അവരുടെ താൽപര്യമാണെന്ന് പറഞ്ഞ അദ്ദേഹം വാളയാർ സംഭവത്തിൽ സർക്കാർ നീതി നിഷേധങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും പെൺകുട്ടികളുടെ അമ്മയുടെ വികാരത്തിനൊപ്പമാണ് സർക്കാർ എപ്പോഴും നിന്നിട്ടുള്ളതെന്നും കൂട്ടിച്ചേ‌ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് ഇന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്‌ദമുയർത്താൻ കിട്ടുന്ന അവസരമാണിതെന്ന് അമ്മ പ്രതികരിച്ചിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അവ‌ർ തല മുണ്ഡനം ചെയ്തിരുന്നു.