
തിരുവനന്തപുരം: അലി അക്ബർ സംവിധാനം ചെയ്ത ബാംബൂ ബോയിസെന്ന ചിത്രത്തിൽ ആദിവാസി സമൂഹത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് നടൻ സലീം കുമാർ. ചിത്രത്തിൽ തനിക്ക് വളരെ അധികം പ്രശ്നം തോന്നിയ ഒരു സീൻ അഭിനയിച്ചില്ല. പക്ഷെ അത് മറ്റൊരു നടനെവച്ച് അലി അക്ബർ ഷൂട്ട് ചെയ്‌തെന്നും സലീം കുമാർ ഒരു മലയാളം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആ സിനിമയിൽ ഐസ്‌ക്രീം കഴിക്കുന്ന ഒരു സീനുണ്ട്. അത് ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഐസ്‌ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതും എല്ലാംകൂടെ വൾഗറായ സീനായിരുന്നു. അത് ഞാൻ ചെയ്യില്ലെന്നു പറഞ്ഞു. ബാംബൂ ബോയിസിൽ ആദിവാസികളെ അധിക്ഷേപിക്കുന്നുണ്ടെന്ന് പറഞ്ഞത് ശരിയാണ് ഞാൻ അതിനെ എതിർത്തു. പക്ഷേ ആ ഷോട്ട് വേറെ നടനെവച്ചെടുത്തെന്നും സലീം കുമാർ വ്യക്തമാക്കി.
നടൻ ഒരു ടൂൾ മാത്രമാണ്. പലപ്പോഴും പരിമിതികളിൽ നിന്ന് മാത്രമെ അഭിനേതാക്കൾക്ക് പ്രവർത്തിക്കാനാവു. സീൻ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞാൻ പൈസ വാങ്ങി ഷൂട്ടിംഗ് മുടക്കി എന്ന പേരിൽ നടനെതിരെ കേസെടുക്കൻ സാധിക്കും. അതിനാൽ നടന്റെ ചെറുത്ത് നിൽപ്പുകൾക്ക് പരിമിതികൾ ഉണ്ടെന്നും സലീം കുമാർ അഭിപ്രായപ്പെട്ടു.
അലി അക്ബർ സംവിധാനവും തിരക്കഥയും നിർവഹിച്ച ബാംബൂ ബോയിസ് എന്ന ചിത്രം 2002ലാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ സലീം കുമാർ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിന്ദു പണിക്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ആദിവാസിയുടെ വേഷമായിരുന്നു ചിത്രത്തിൽ സലീം കുമാറിന്.