shobha-surendran

തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തനിക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചുവെന്ന് പാർട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ. താൻ വ്യാഴാഴ്ച്ച മുതൽ മണ്ഡലത്തിൽ പ്രചാരണം ആരംഭിക്കുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും താൻ തന്നെയാണ് മത്സരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ സ്ഥിരീകരിച്ചതോടെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കാണ് തിരശീല വീണിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലോടെയാണ് ബിജെപിയുടെ കഴക്കൂട്ടം സീറ്റ് ശോഭയ്ക്ക് തന്നെ ലഭിക്കുമെന്ന് തീർച്ചയായത്. ശോഭയെ കഴക്കൂട്ടത്ത് തന്നെ മത്സരിപ്പിക്കണം എന്ന് പ്രധാനമന്ത്രി പാർട്ടി കേന്ദ്ര നേതൃത്വത്തോട് നിർദ്ദേശിച്ചതായാണ് വിവരം. എന്നിരുന്നാലും ശോഭയെ സ്ഥാനാർത്ഥിയാക്കിയ കാര്യം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ സ്ഥാനാർത്ഥി പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. ശോഭയുടെ പേര് എന്തുകൊണ്ട് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ശോഭാ സുരേന്ദ്രനെ ഫോണിൽ ബന്ധപ്പെടുകയും എന്തുകൊണ്ട് മത്സരിക്കുന്നില്ല എന്ന് ആരായുകയും ചെയ്തിരുന്നു.

തുടർന്ന് താൻ മത്സരിക്കാൻ തയാറാണെന്ന് ശോഭ കേന്ദ്ര മന്ത്രിയോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടും ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ശോഭയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രസ്താവന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഏത് മണ്ഡലത്തിലാണ് ശോഭയെ പാർട്ടി മത്സരിപ്പിക്കുകയെന്ന കാര്യത്തിൽ വ്യക്ത വന്നിരുന്നില്ല.