
തലച്ചോറിലെ രക്തധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകുന്നത്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ രക്തക്കുഴലുകളിൽ അടയാൻ കാരണമാകും. ഹൃദ്രോഗം, പുകവലി, മദ്യപാനം എന്നിവയാണ് മറ്റു രോഗകാരണങ്ങൾ.
പക്ഷാഘാതം പ്രതീക്ഷിക്കാതെ ഉണ്ടാകുന്നതിനാൽ പലപ്പോഴും ലക്ഷണങ്ങൾ നേരത്തെ അനുഭവപ്പെടാറില്ല. തലചുറ്റൽ, ശരീരത്തിന്റെ നിയന്ത്രണം നഷ്ടമാകുക, നാക്ക് കുഴയുക, ശരീരത്തിന്റെ ഒരു വശം തളരുക, തലവേദന, ഛർദ്ദി എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ.
പക്ഷാഘാത ലക്ഷണങ്ങൾ പ്രകടിപ്പിച്ചാലുടൻ രോഗിയെ ആശുപത്രിയിലെത്തിക്കുക. എണ്ണയും കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയും നിത്യവും വ്യായാമം ചെയ്യുന്നതിലൂടെയും പക്ഷാഘാതത്തെ പ്രതിരോധിക്കാനാകും.