rv400

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളോടുളള പ്രിയം കൂടിവരുന്നതായ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ദിനം പ്രതിവർദ്ധിച്ച് വരുന്ന ഇന്ധനവിലയും പെട്രോൾ-ഡീസൽ വാഹനങ്ങളുടെ പരിപാലനച്ചിലവും തന്നെയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് വാഹനപ്രേമികളെ ആകർഷിക്കുന്നത്. ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വി നെക്സൺ ഇവി അടക്കമുളള കാറുകൾ ഇപ്പോൾ ഏവർക്കും സുപരിചിതമാണ്. അതേസമയം ഗുണമേൻമയുളള ഇലക്ട്രിക് ടൂ വീലറുകൾക്കായുളള അന്വേഷണത്തിലാണ് ഒരു കൂട്ടർ.

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചത് റിവോൾട്ട് ഇന്റലികോർപ്പ് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു. മൈക്രോമാക്സിന്റെ സഹ സ്ഥാപകനായ രാഹുൽ ശർമയുടെ നേതൃത്വത്തിലുളള കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) സംവിധാനത്തോടെ 2019ൽ ആയിരുന്നു ഇവ പുറത്തിറക്കിയത്. ഇന്ത്യയിലെ ആറു സിറ്റികളിൽ മാത്രം സേവനം ലഭ്യമാക്കിയിട്ടുളള ഈ കമ്പനിയുടെ ആർവി 400 മോഡലിന് ഇപ്പോൾ ആവശ്യക്കാർ ഏറിവരുന്നതായ വാർത്തകൾ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമാതാക്കൾക്ക് ആത്മവിശ്വാസം പകരുന്നതാണ്.

revolt-rv400

3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ആർവി400നെ ശക്തനാക്കുന്നത്. സിറ്റി, ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുള്ള ബൈക്കിനു മണിക്കൂറിൽ 85 കിലോമീറ്ററാണ് പരമാവധി വേഗത. ഒരു തവണ പൂർണമായും ചാർജ് ചെയ്താൽ 156 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും കമ്പനി പറയുന്നു. ഒപ്പം ബാറ്ററിക്ക് എട്ടുവർഷം/150000 കിലോമീറ്റർ വാറന്റിയും വാഗാദാനം ചെയ്യുന്നുണ്ട്.

revolt-

ഡൽഹി, പൂനെ, അഹമ്മദാബാദ്, ഹൈദ്രാബാദ്, ചെന്നൈ, മുംബയ് നഗരങ്ങളിലാണ് നിലവിൽ റിവോൾട്ടിന്റെ സേവനങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ആർവി400 ന്റെ വില കമ്പനി വർദ്ധിപ്പിച്ചിരുന്നു. 15000 രൂപയോളമായിരുന്നു അന്ന് കമ്പനി വർദ്ധിപ്പിച്ചത്. ഇലക്ട്രിക് വാഹന വിപണിയിലേക്ക് കൂടുതൽ കമ്പനികൾ കടന്നുവരുന്നതും മത്സരം കടുക്കുന്നതും ഇവയുടെ വില കുറയുന്നതിനും കൂടുതൽ ഇടങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കാം.

ഇലക്ട്രിക് വാഹന വിപണിയിലെ സാദ്ധ്യതകൾ മനസിലാക്കി ഓല ക്യാബ് സ്ഥാപകൻ ഭവിഷ് അഗർവാൾ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂവീലർ നിർമാണ പ്ലാന്റ് തമിഴ്നാട്ടിൽ സ്ഥാപിക്കാനൊരുങ്ങുന്നതായ വാർത്തകൾ പുറത്തുവന്നിരുന്നു. ലോകത്താകമാനമുളള ഭൂരിഭാഗം വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവെയ്ക്കാനുളള മുന്നൊരുക്കത്തിലാണെന്നതും ഇലക്ട്രിക് മോട്ടോർ ബൈക്ക് വിപണിയിൽ ഗുണമേൻമയുളള വാഹനങ്ങൾ പിറവിയെടുക്കും എന്ന സൂചനയാണ് നൽകുന്നത്.