
കോട്ടയം: നാമനിർദേശ പത്രികയ്‌ക്കൊപ്പം നേതാക്കൾ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ സ്വത്തുവകകളെ സംബന്ധിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾ അറിയാനാണ് പലർക്കും താത്പര്യം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാവശമുളളത് ആകെ ആയിരം രൂപ മാത്രമാണ്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെ കൈവശം അയ്യായിരം രൂപയും, മകൻ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമുണ്ട്.
ബാങ്ക് നിക്ഷേപമായി ഉമ്മൻ ചാണ്ടിയുടെ പേരിൽ 67,704 രൂപയും, ഭാര്യയുടെ പേരിൽ 24,83,092 രൂപയുമാണുളളത്. ചാണ്ടി ഉമ്മന്റെ പേരിൽ 14,58,570 രൂപയുടെ നിക്ഷേപമുണ്ട്. ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിലാണ് സ്വിഫ്റ്റ് കാർ. ഉമ്മൻ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വർണവും, ഭാര്യയുടെ കൈവശം 296 ഗ്രാം സ്വർണവുമുണ്ട്.
ഉമ്മൻ ചാണ്ടിയുടേയും, ഭാര്യയുടേയും, മകന്റേയും പേരിൽ 74.37 ലക്ഷത്തിന്റെ സ്ഥാവര ജംഗമ വസ്‌തുക്കളുണ്ട്. 3.41 കോടി രൂപ വിലമതിക്കുന്ന ഭൂമി ഇവർക്ക് പുതുപ്പളളിയിലുണ്ട്. ഭാര്യയുടെ പേരിൽ തിരുവനന്തപുരത്ത് 2200 ചതുരശ്ര അടിയുളള വീടുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരിൽ ബാദ്ധ്യതകളില്ല. എന്നാൽ ഭാര്യക്കും മകനും കൂടി ബാങ്കിൽ 31,49,529 രൂപയുടെ ബാദ്ധ്യതയുണ്ട്.
25,000 രൂപയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരിലുളളത്. ഭാര്യ അനിതാ രമേശിന്റെ കൈവശം 15,000 രൂപയുണ്ട്. ഡൽഹി പാർലമെന്റ് ഹൗസിലെ എസ് ബി ഐ ശാഖയിൽ 5,89,121.12 രൂപയുടെ നിക്ഷേപമാണ് ചെന്നിത്തലയ്‌ക്കുളളത്. ഇതിനൊപ്പം തിരുവനന്തപുരം ട്രഷറി സേവിംഗ്സ് ബാങ്കിൽ 13 ,57,575 രൂപയും നിക്ഷേപമായുണ്ട്.
ശാസ്തമംഗലം ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിൽ 42,973 രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഭാര്യയുടെ പേരിൽ ഡൽഹി ജൻപഥ് എസ് ബി ഐ ശാഖയിൽ 6,16,246 രൂപ നിക്ഷേപമുണ്ട്. അവിടെതന്നെ മറ്റ് രണ്ട് അക്കൗണ്ടിലായി 20,97,698 രൂപയും 11,99,433 രൂപയുമുണ്ട്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് പേരൂർക്കട ശാഖയിൽ 51,367 രൂപയും ആർ ഡിയായി 1,32,051 രൂപയുടെ നിക്ഷേപവും അനിതക്കുണ്ട്. ആക്‌സിസ് ബാങ്കിന്റെ കവടിയാർ ശാഖയിൽ 1,96,289 രൂപയും തൊടുപുഴ നെടുമറ്റം സർവിസ് സഹകരണ ബാങ്കിൽ 1,27,678 രൂപയും അനിതയുടെ പേരിലുണ്ട്. ഇവിടെ 4,07,312 രൂപയുടെ സ്ഥിര നിക്ഷേപമുളളതായും നാമനിർദേശപത്രികയോടൊപ്പമുളള സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളും ചെന്നിത്തലയുടെ പേരിലുണ്ട്.