
തിരുവനന്തപുരം: മുന്നണികൾ നേർക്കുനേർ ഏറ്റുമുട്ടുന്ന നേമം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരന് ഇന്നലെ തലസ്ഥാനത്ത് ലഭിച്ചത് വമ്പൻ സ്വീകരണമായിരുന്നു. നേതാക്കളും പ്രവർത്തകരുമടക്കം നൂറുകണക്കിന് പേരാണ് മുരളിയെ മണ്ഡലത്തിലേക്ക് സ്വീകരിക്കാനായി ഒത്തുകൂടിയത്.
മണ്ഡലത്തിലുണ്ടായ ആവേശം വോട്ടായി മാറുമെന്നാണ് മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിജയം ഉറപ്പാണ്, ബിജെ പി യെ നേരിടാൻ സജ്ജമാണ്. യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇതിനിടെ എൽ ഡി എഫുമായി ആണോ എൻ ഡി എയുമായി ആണോ മത്സരമെന്നായി മാദ്ധ്യമപ്രവർത്തകർ. എൽ ഡി എഫും എൻ ഡി എയും തമ്മിൽ രണ്ടാം സ്ഥാനത്തിന് വേണ്ടിയുളള മത്സരമാണെന്നും ഞങ്ങൾ ഒന്നാം സ്ഥാനം ഉറപ്പിച്ചെന്നുമായിരുന്നു മുരളിയുടെ മറുപടി.
ബി ജെ പി അവരുടെ ഗുജറാത്തെന്നും സി പി എം അവരുടെ ചെങ്കോട്ടയെന്നും അവകാശപ്പെടുന്ന മണ്ഡലമാണ് നേമം. അവിടെയാണ് മത്സരിക്കാൻ ഇറങ്ങുന്നതെന്ന് മാദ്ധ്യമപ്രവർത്തകർ ഓർമ്മിപ്പിച്ചപ്പോൾ ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്നും അല്ലാതെ ഒരു കോട്ടയും കൂടും ഒന്നുമല്ലെന്നായിരുന്നു മുരളിയുടെ മറുപടി.
സി പി എമ്മും ബി ജെ പിയും പ്രചാരണത്തിൽ മുന്നേറി കഴിഞ്ഞു, എങ്ങനെയാണ് സാദ്ധ്യതകളെന്ന് ചോദിച്ചപ്പോൾ 'എനിക്കിതൊക്കെ ധാരാളം... സംശയമുണ്ടെങ്കിൽ പി ജയരാജനോട് ചെന്ന് ചോദിച്ച് നോക്ക്.' എന്നായിരുന്നു മുരളിയുടെ പ്രതികരണം.