
ജയ്പൂർ: രണ്ടാം വിവാഹത്തിന് ബന്ധുക്കളെ സമ്മതിച്ചില്ല. വൈദ്യതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വൃദ്ധൻ. സോഭരൻ എന്ന അറുപതുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാല് വർഷം മുൻപ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു.
സോഭരന് മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഉള്ളത്. എന്നാൽ ഭാര്യ മരിച്ചതിന് ശേഷം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മക്കളും മറ്റ് ബന്ധുക്കളും ഇത് ശക്തമായി എതിർത്തു.പല തവണ സോഭരൻ ആഗ്രഹം പറഞ്ഞെങ്കിലും, നാട്ടുകാർ അറിഞ്ഞാൽ എന്ത് കരുതുമെന്നായിരുന്നു മക്കളുടെ ചോദ്യം.
ബന്ധുക്കളുടെ എതിർപ്പ് മറികടക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ധോൽപൂരിലെ 11 കെവി വൈദ്യുതി പോസ്റ്റിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നത് അപകടം ഒഴിവായി. ഉടൻ കുടുംബാംഗങ്ങൾ വൈദ്യുത വകുപ്പിനെ വിവരം അറിയിച്ചു.
മറ്റൊരാൾ പോസ്റ്റിന് മുകളിൽ കയറിയാണ് വൃദ്ധനെ താഴെയിറക്കിയത്. എന്നാൽ പോസ്റ്റിൽ നിന്ന് താഴെ ഇറങ്ങിയതിന് ശേഷവും താൻ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ഒരു ജീവിത പങ്കാളിയെ വേണമെന്നും അദ്ദേഹം പറഞ്ഞു. മക്കൾ അച്ഛന്റെ ആഗ്രഹത്തിന് സമ്മതിച്ചോയെന്ന് വ്യക്തമല്ല.