
ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ നിന്നുളള ലോക്‌സഭാംഗം രാം സ്വരൂപ് ശർമ്മയെ (63) ഡൽഹി ആർഎംഎൽ ആശുപത്രിക്ക് സമീപത്തുളള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ഡി മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ വിജയിച്ചയാളാണ് രാം സ്വരൂപ് ശർമ്മ. ഭാര്യയും മൂന്ന് മക്കളുമുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.
സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറി അകത്ത് നിന്നും പൂട്ടിയിരുന്നു. 2014ലാണ് ശർമ്മ ആദ്യമായി ലോക്‌സഭയിലെത്തിയത്. 2019ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശർമ്മയുടെ മരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. പാർലമെന്റിന്റെ വിദേശകാര്യങ്ങൾക്കുളള സ്‌റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്നു ശർമ്മ. ബിജെപി ഇന്ന് നടത്താനിരുന്ന പാർലമെന്ററി പാർട്ടി യോഗം ശർമ്മയുടെ മരണത്തെ തുടർന്ന് മാറ്റിവച്ചു.